
കൊച്ചി: പീരുമേട് തെരഞ്ഞെടുപ്പ് കേസില്‍ വാഴൂര്‍ സോമന് എംഎല്‍എയ്ക്ക് ആശ്വാസം. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സിറിയക് തോമസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ശരിയായ രീതിയിലല്ല നോമിനേഷന് സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പൂര്‍ണ്ണമല്ലെന്നും കാണിച്ച് എതിര്‍സ്ഥാനാര്‍ത്ഥി നല്കിയ ഹര്‍ജി ജസ്റ്റീസ് മേരിജോസഫാണ് തള്ളിയത്. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരം നല്‍കിയിട്ടില്ലെന്നും വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നുമാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.
ഇതിന് പുറമേ വാഴൂര്‍ സോമന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്പ്പറേഷന് ചെയര്‍മാനായിരിക്കെയാണ് എന്നും ഇത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആക്ഷേപം. ഇന്ന് വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് മേരി തോമസ് തിരഞ്ഞെടുപ്പ് കേസില്‍ വിധി പ്രസ്താവിച്ചത്.






