
‘തട്ടീം മുട്ടീം’ എന്ന ഹാസ്യപരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാഗർ സൂര്യ. പിന്നീട് ബിഗ് സ്ക്രീനിലെത്തിയ താരം കുരുതി, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കരിയറില്‍ ഒരു വലിയ ബ്രേക്ക് കിട്ടിയത് ഇപ്പോള്‍ ബിഗ്ഗ് ബോസ് ഷോയിലൂടെയാണ്. ബിഗ്ഗ് ബോസ് മലയാളം സൂസണ്‍ 5 ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സാഗര്‍. ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം സീസണ് 6 ല്‍ അതിഥികളായി എത്തിയിരുന്നതില്‍ സാഗറുമുണ്ടായിരുന്നു. നടന് ജോജു ജോര്‍ജിനൊപ്പമാണ് ജുനൈസും സാഗറും തിരികെ ബിഗ് ബോസ് വീട്ടിലേക്ക് വന്നത്. എന്നാല്‍ അത് വെറുമൊരു വരവായിരുന്നില്ല. ബിഗ് ബോസില്‍ വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും ജീവിതത്തില്‍ വിജയിച്ചവരായാണ് ഇരുവരും തിരികെ വന്നത്.
ഇപ്പോഴിതാ പുറത്തിറങ്ങിയ ആ ദിനം തന്നെ മാസ് എൻട്രിയില്‍ വീണ്ടും ആ വീട്ടിലേക്ക് എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് സാഗര്‍. ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെ തനിക്ക് വന്ന കോളിനെക്കുറിച്ചാണ് സാഗര്‍ കുറിച്ചിരിക്കുന്നത്. ജോജു സംവിധാനം ചെയ്ത പണി എന്ന സിനിമയിലേക്കാണ് അന്ന് സാഗര്‍ ചെന്നത്. നാളുകള്‍ക്ക് ബിഗ് ബോസിലേക്ക് സാഗര്‍ മടങ്ങി വന്നത് പണിയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യാനായിരുന്നു.
‘‘കഴിഞ്ഞ വർഷം ഒരു May 28ന്, ബിഗ്ബോസ് സീസൺ 5 ലെ എന്റെ അറുപത്തി മൂന്നാമത്തെ ദിവസം, ഒരു കിടിലൻ തോൽവിയും നല്ല സങ്കടവുമൊക്കെയായി പുറത്തിറങ്ങിയപ്പോൾ ആകെ തോന്നിയ ഒരാശ്വാസം അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ, അമ്മയെക്കുറിച്ച് പറയാനും ഒരു ചെറിയ മെസ്സേജ് കൊടുക്കാനും ഒക്കെ കഴിഞ്ഞല്ലോ എന്നായിരുന്നു. നഷ്ടങ്ങളും തോൽവിയുമൊക്കെ മ്മടെ നെഞ്ചിലിരുന്ന് ചിലപ്പോൾ ഒരു കുത്തല്ണ്ട്ട്ടാ....നല്ല കിണ്ണം കാച്ചിയ ഒരു പെടപ്പാണത്...
പക്ഷെ പടച്ചോനുണ്ട്ട്ടാ... മണിക്കൂറുകൾക്കുള്ളിൽ എനിക്ക് വന്നത് ശരിക്കും പടച്ചോന്റെ ഒരു ഫോൺ call ആയിരുന്നു...ഒരു വലിയ സിനിമയിലേക്കുള്ള അവസരവുമായി ജോജു ചേട്ടന്റെ ആ call അന്ന് attend ചെയ്യുമ്പോൾ, ഈ വർഷം അതേ May 28ന്, ‘പണി’ എന്ന ഞങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു അതിഥിയായി ബിഗ്ബോസ് വീടിനുള്ളിലേക്ക് കയറിചെല്ലാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
തോറ്റെന്ന് വിചാരിച്ച് പടി ഇറങ്ങിയ അതേ May 28, ഈ വർഷം എനിക്ക് തിരികെ തന്നത് ഒരു വലിയ വിജയം തന്നെയാണ്.
മ്മടെ പടച്ചോൻ, പുള്ളി ഒരു സംഭവമാണ്..ട്ടാ...’’ എന്നാണ് ബിഗ് ബോസിലെത്തിയ വീഡിയോ സഹിതം സാഗര്‍ പങ്കുവച്ചിരിക്കുന്നത്. ജോജുവിനൊപ്പമുള്ള ചിത്രവും സിനിമയുടെ പോസ്റ്ററും സാഗര്‍ പങ്കുവച്ചിട്ടുണ്ട്.
സാഗറിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കമന്റ് ചെയ്തവരില്‍ ആരാധകർ മാത്രമല്ല മുന്‍ ബിഗ് ബോസ് താരങ്ങളുമുണ്ട്.
‘നമ്മൾ എല്ലാരും ജയിക്കോടാ ഒരീസം....അതിപ്പോ ഞാൻ ജയിച്ചാലു നീ ജയിച്ചാലും ഒരേ സന്തോഷവും അഭിമാനവും തന്നാ....നിന്നോട് എപ്പോഴും പറയാറുള്ള പോലെ തന്നെ ഇത് നിൻ്റെ ടൈമാണളിയാ...അടിച്ച് കേറി വാ..അമ്മയുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവുമാണ്- സാഗറിന് ആശംസകൾ അറിയിച്ചുകൊണ്ട് ബിഗ് ബോസ് താരമായ വിഷ്ണു ജോഷി കുറിച്ചു. അമ്മയുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവുമാണ് എന്ന് ശ്രുതി ലക്ഷ്മി എഴുതിയപ്പോൾ, നിന്നെക്കുറിച്ചു അഭിമാനം എന്നാണ് സെറീന കുറിച്ചത്.
‘എല്ലാം അമ്മയ്ക്ക് വേണ്ടിയാരുന്നു , അമ്മയുടെ കൂടെ സിനിമ സ്വപ്നം കണ്ടതാണ്, എവിക്ഷൻ ടൈമിൽ സാഗർ പറഞ്ഞതാണ് ഇപ്പൊ ഓർമ വരുന്നത്... എന്നെ സംബന്ധിച്ചെടുത്തോളം ഒരു അന്പതുദിനങ്ങൾ ആയപോഴേ ഞാൻ കപ്പ് അടിച്ചു. അമ്മയെ പറ്റി ഉള്ള വലിയ മെസ്സേജ് കൊടുക്കാൻ പറ്റി. ആനി സാഗർ പറഞ്ഞതാണ് പുറത്തിറങ്ങി സിനിമക്ക് വേണ്ടി കണ്ടിനാധ്വാനം ചെയ്യും എന്ന്. അത് അദ്ദേഹം ചെയ്തുതുടങ്ങിക്കഴിഞ്ഞു. ഇനിയും കിടിലൻ വേഷങ്ങൾ നമുക്ക് പ്രതീക്ഷിക്കാം...’ എന്നതടക്കമാണ് ആരാധകരുടെ കുറിപ്പുകള്‍.






