
കോഴിക്കോട്: മുൻ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിലേക്കെന്ന് സൂചന. അഹമ്മദ് ദേവർകോവിലിനെ ലീഗിലെത്തിക്കാൻ പ്രാഥമിക ചർച്ച നടന്നതായാണ് വിവരം. പി എം എ സലാമുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെ എം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നുമാണ് റിപ്പോർട്ട്.
ലീഗ്- സമസ്താ വിഷയത്തിൽ ദേവർകോവിൽ അടുത്തിടെ പ്രകടിപ്പിച്ച അഭിപ്രായം ശുഭസൂചനയാണ് നൽകുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ തുടരണമെന്ന ഉപാധി അഹമ്മദ് ദേവർകോവിൽ മുന്നോട്ട് വെച്ചതായാണ് വിവരം. എന്നാൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല എന്നുമാണ് കെ.എം.ഷാജിയുടെ പ്രതികരണം.
അതേസമയം ലീഗിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളുകയാണ് അഹമ്മദ് ദേവർകോവിൽ. താനും മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടന്നിട്ടില്ലെന്നും ഐഎൻഎല്ലും താനും ഇടത് മുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു.സമസ്ത വിഷയത്തിൽ താൻ നടത്തിയ പ്രതികരണം ചിലർ തെറ്റിദ്ധരിച്ചതാകാമെന്നും ലീഗും ഐഎൻഎൽ വിമതരും ചേർന്നുണ്ടാക്കുന്ന അഭ്യൂഹമാണ് ഇതെല്ലാമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.






