
തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇന്ന് ആദ്യമായി സ്കൂളുകളില്‍ എത്തുക.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ട്.
പുതിയ അധ്യയന വര്‍ഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ ഓള്‍പാസ് എന്ന രീതിമാറ്റി പഠനവും പരീക്ഷയും കുറ്റമറ്റരീതിയിലാക്കും. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും മിനിമം മാര്‍ക്കുവേണമെന്ന തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിച്ചു.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. ഇടവേളയ്ക്ക് ശേഷം ഒന്നാം ക്ലാസില്‍ അക്ഷരമാലയും തിരികെയെത്തി. 2005ല്‍ അവസാനിപ്പിച്ച വിഷയങ്ങള്‍ക്കുള്ള മിനിമം മാര്‍ക്ക് തിരികെ കൊണ്ടുവരും. നിരന്തര മൂല്യനിര്‍ണയത്തിലും ഇനി വാരിക്കോരി മാര്‍ക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയശതമാനം ഇനി മുതല്‍ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.
മലബാറിലെ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയല്‍ അലോട്ട്മന്റ് തീര്‍ന്നപ്പോള്‍ തന്നെ മിടുക്കരായവര്‍ക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. എന്നാല്‍ മലബാറില്‍ സീറ്റ് ക്ഷാമമില്ലെന്നാണ് മന്ത്രി വി.ശിവന്‍കുട്ടി പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവേശനോത്സവം ഗംഭീരമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പി.ടി.എയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണതോടെ കുട്ടികളെ സ്വീകരിക്കാന്‍ സ്കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ആദ്യമായി സ്കൂളിലെത്തുന്ന കുഞ്ഞുങ്ങളെ വര്‍ണങ്ങളാലും ചിത്രങ്ങളാലും അലങ്കരിച്ച ക്ലാസ് മുറികളിലേക്കു മധുരം നല്കി സ്വീകരിക്കും.
വിവിധ പരിപാടികളാണ് ഓരോ സ്കൂളുകളും സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂള്‍തലം, ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ എളമക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.






