
കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് ഏജന്റുമാരുടെ ഭീഷണി സന്ദേശങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. നിതിന്‍ ലോണ്‍ തിരിച്ചടച്ചിരുന്നതായും എന്നാല്‍ അമ്മയുടെ ചികിത്സയ്ക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് തനിക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ മുടങ്ങുകയായിരുന്നുവെന്നും പിതാവ് രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്‍ പഠിച്ചിരുന്ന കോളജിലെ അധ്യാപികയ്ക്ക് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കില്‍ അക്കാര്യം വീട്ടുകാരെ അറിയിക്കാമായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
നിതിന്റെ ഫോണിലെ കോണ്‍ടാക്ട് വിവരങ്ങള്‍ കൈക്കലാക്കിയ ലോണ്‍ ഏജന്‍സി, തിരിച്ചടവ് വൈകിയതോടെ അധ്യാപികമാരിലൊരാളെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നു. അധ്യാപിക നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അധ്യാപിക കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരുന്നു. നിതിന്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രിന്‍സിപ്പല്‍ ഇതെക്കുറിച്ച് സംസാരിക്കാന്‍ നിതിനെ വിളിപ്പിച്ചിരുന്നതായും സിറ്റി പോലീസ് കമ്മിഷണര്‍ പി. നിതിന്‍രാജ് വ്യക്തമാക്കി.
ഓണ്‍ലൈന്‍ ലോണ്‍ ഏജന്റുമാരുടെ ഭീഷണി നിതിന്‍രാജിനെ മാനസികമായി തളര്‍ത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോണ്‍ ഏജന്റുമാരുടെ പങ്ക് അന്വേഷിക്കുന്നതിനൊപ്പം നിതിന്‍ കോളജില്‍ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു.






