
തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്ത നടപടിയിൽ പൂവാർ പഞ്ചായത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ്. വിവാഹ രജിസ്ട്രേഷനായി ഹാജരാക്കിയ രേഖകളിൽ പെൺകുട്ടിയ്ക്ക് 18 വയസ്സ് തികഞ്ഞതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് റൂറൽ എസ്.പി ഡിജിപിക്ക് കൈമാറി.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ മധ്യപ്രദേശ് പോലീസ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതിനെത്തുടർന്നാണ് കേരള പോലീസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. വിവാഹത്തിനായി ഹാജരാക്കിയ രേഖകൾ അസ്സലാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയതെന്ന് പൂവാർ പഞ്ചായത്ത് അധികൃതർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് നടപടികൾ വേഗത്തിലായത്.
അതേസമയം, ഫർമാൻ ഖാൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള നടപടി അഞ്ചാഴ്ചത്തേക്ക് കൂടി നീട്ടി നൽകി. മധ്യപ്രദേശ് സർക്കാർ നൽകിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്നാണ് ഫർമാൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ ഹർജി അടുത്ത മാസം 20-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാർച്ച് 11-ന് പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ഈ വിവാഹത്തിന് ശേഷമാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന ആരോപണവുമായി മധ്യപ്രദേശ് പോലീസ് രംഗത്തെത്തിയത്. എന്നാൽ വിവാഹ രജിസ്ട്രേഷനായി ഹാജരാക്കിയ ഔദ്യോഗിക രേഖകളിൽ പ്രായപൂർത്തിയായതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കേരള പോലീസിന്റെ കണ്ടെത്തൽ.






