
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രത്യേക സെഷനില്‍ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ബില്ലുകളില്‍ യഥാര്‍ത്ഥ വിവാദ വിഷയം മണ്ഡല പുനര്‍നിര്‍ണയമാണെന്നും അല്ലാതെ വനിതാ സംവരണമല്ലെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. മണ്ഡല പുനര്‍നിര്‍ണയ നീക്കം ഭരണഘടനയ്ക്ക് മേലുള്ള കയ്യേറ്റമാണെന്നും ഏറെ അപകടകരമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. 'ദ ഹിന്ദു' ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയാ ഗാന്ധി കേന്ദ്ര നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ലോക്‌സഭയിലെ അംഗബലം വര്‍ധിപ്പിക്കുന്നത് രാഷ്ട്രീയമായ കാഴ്ചപ്പാടിലൂടെയാകണമെന്നും അല്ലാതെ കേവലം കണക്കുകളിലൂടെയാകരുതെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭമുണ്ടാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അസാധാരണമായ തിടുക്കം കാട്ടുന്നത്. പ്രധാനമന്ത്രി പതിവുപോലെ കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ വിമുഖത കാണിക്കുകയാണെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു.
സ്ത്രീ പ്രാതിനിധ്യം മൂന്നിലൊന്നായി ഉയര്‍ത്തുന്ന 'നാരി ശക്തി വന്ദന്‍ അധിനിയം' ഐക്യകണ്‌ഠേനയാണ് പാസാക്കിയത്. എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നത് അടുത്ത സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷമായിരിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. വനിതാ സംവരണം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിലവിലെ ഭേദഗതി പ്രകാരം 2029 മുതലാണ് വനിതാ സംവരണം നടപ്പിലാക്കാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ പ്രധാനമന്ത്രിക്ക് 30 മാസത്തോളം സമയം വേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സോണിയ ചോദിച്ചു. പ്രത്യേക സെഷന് മുന്നോടിയായി പ്രതിപക്ഷം സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെടുകയാണ് ഉണ്ടായത്. പ്രധാനമന്ത്രി ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.
2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും ഇത് കോടിക്കണക്കിന് ആളുകളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയെന്നും സോണിയ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് അട്ടിമറിക്കുകയും വൈകിപ്പിക്കുകയും ചെയ്യുക എന്നതാണ് നരേന്ദ്രമോദിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നും അവര്‍ ലേഖനത്തില്‍ തുറന്നടിച്ചു.






