
വാഷിംഗ്ടണ്‍: യുദ്ധത്തിനെതിരെ പ്രതികരണം നടത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാഷ്ട്രീയക്കാരനാകാനല്ല, മഹാനായ മാര്‍പാപ്പയാകാനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ തനിക്ക് വേണ്ടെന്നും, ലിയോ മാര്‍പാപ്പ തന്നോട് നന്ദിയുള്ളവനായിരിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു അമേരിക്കക്കാരനായതുകൊണ്ട് മാത്രമാണ് സഭ അദ്ദേഹത്തെ മാര്‍പാപ്പയാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാന് ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വെനിസ്വേലയെ യുഎസ് ആക്രമിച്ചത് ഭയാനകമാണെന്ന് വിശ്വസിക്കുന്ന ഒരു മാര്‍പാപ്പയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താനുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് സഭ കരുതിയതിനാലാണ് ലിയോയെ മാര്‍പാപ്പ ആക്കിയതെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചു.
'താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍, ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല' എന്നായിരുന്നു ട്രംപിന്റെ ഏറ്റവും വിവാദപരമായ പരാമര്‍ശം. മാര്‍പാപ്പ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.






