
ചാലക്കുടിയില്‍ ബെന്നി ബെഹനാന് 63754 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വന്‍വിജയം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 394171 വോട്ടുകള്‍ ബെന്നിക്ക് ലഭിച്ചു. എല്‍ഡിഎഫിലെ പ്രൊഫ. സി. രവീന്ദ്രനാഥിന് 330417 വോട്ടുകളും എന്‍ഡിഎയുടെ കെ.എ. ഉണ്ണികൃഷ്ണന് 106400 വോട്ടുകളും ലഭിച്ചു.
സിറ്റിങ് എം.പി.യായ ബെന്നി ബെഹനാന് 2011 മുതല്‍ 2016 വരെ തൃക്കാക്കരയില്‍നിന്നുള്ള എം.എല്‍.എയായിരുന്നു. 17 വര്‍ഷം കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ല്‍ ലോക്സഭയിലേക്കു യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരേ 1,32,274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, എ.ഐ.സി.സി. അംഗം, വീക്ഷണം ദിനപത്രം മാനേജിങ് ഡയറക്ടര്‍, തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘‘സൗഹാർദപരമായ തിരഞ്ഞെടുപ്പായിരുന്നു. തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമുണ്ടായിരുന്നു. ശക്തമായ മത്സരം ജനാധിപത്യ സംവിധാനത്തിന് നല്ലതാണെന്നാണ് ഞാൻ വിചാരിക്കുന്നത്...’’ എന്നാണ് ബെന്നി ബെഹനാന് ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞത്.
ഒ. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി 1952 ഓഗസ്റ്റ് 22നു പെരുമ്പാവൂരിനടുത്തു വെങ്ങോലയിലാണ് ബെന്നി ബെഹനാന് ജനിച്ചത്. ഷേര്‍ളിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.






