
കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റുകളിലൊന്നായ എറണാകുളത്ത് വീണ്ടും വിജയക്കൊടി പാറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്. 250385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിന്റെ കെ .ജെ. ഷൈനിനെയും (231932 ) എന്‍.ഡി.എയുടെ ഡോ. കെ.എസ്. രാധാകൃഷ്ണനെയും (144500) കടത്തിവെട്ടി ഹൈബി വിജയിച്ചത്. 2019ലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന് 1,69,053 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് എറണാകുളം.
കളമശേരി, പറവൂർ, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തൂറ, എറണാകുളം, തൃക്കാക്കര നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡലത്തില്‍ വരുന്നത്. ലാറ്റിന്‍ കത്തോലിക്ക വോട്ടുകള്‍ വിധിയെഴുതുന്ന മണ്ഡലമാണ് എറണാകുളം എന്നുള്ളതും ഹൈബിക്ക് വോട്ട് കൂടാനുള്ള കാരണങ്ങളായി.
മുന്‍ എം.പി. ജോര്‍ജ് ഈഡന്റെ മകനാണ് ഹൈബി ഈഡന്. 2019 മുതല്‍ സിറ്റിങ് എം.പി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ. സെബാസ്റ്റിയന് പോളിനെ 32,437 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി. 2016ല്‍ എം. അനില്‍കുമാറിനെ 21,949 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക്. നിയമസഭാംഗമായിരിക്കവേ, നടന്ന 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി. രാജീവിനെ 1,69,510 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭയിലെത്തി. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയാണ് തുടക്കം. കെ.എസ്.യു. എറണാകുളം ജില്ലാ പ്രസിഡന്റും പിന്നീട് സംസ്ഥാന പ്രസിഡന്റുമായി. നിലവില്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗമാണ് 41 വയസുകാരനായ ഹൈബി. ഇന്ത്യയില്‍ ഏറ്റവും കര്‍മ്മനിരതമായ പ്രവര്‍ത്തന ശൈലിയുള്ള വിദ്യാര്‍ഥി നേതാവ് എന്ന നിലയില്‍ എന്‍.എസ്.യു.ഐയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭാര്യ അന്ന ലിന്‍ഡ. മകള്‍: ക്ലാര അന്ന ഈഡന്.






