
പാലക്കാട് തിരിച്ചുപിടിക്കാന്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നും ആളെയിറക്കിയിട്ടും ഇടതിന് തോല്‍വി. സിറ്റിങ് എം.പി. വി.കെ. ശ്രീകണ്ഠന് പോലും വിചാരിക്കാത്ത വന്‍ഭൂരിപക്ഷം (75283). ആകെ ലഭിച്ചത് 421169 വോട്ടുകള്‍. മാറിയും മറിഞ്ഞും ഇടതു-വലതു മുന്നണികളെ തള്ളുകയും കൊള്ളുകയും ചെയ്തിട്ടുള്ള മണ്ഡലം തിരിച്ചു പിടിക്കാന്‍ എ. വിജയരാഘവനും (345886) കഴിഞ്ഞില്ല.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. വിജയരാഘവന് മുന്നിട്ടു നിന്നുവെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണിക്കൂറുകളോളം എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ സി.കൃഷ്ണകുമാറായിരുന്നു രണ്ടാമതുണ്ടായിരുന്നത്. എന്നാല്‍ വി.കെ. ശ്രീകണ്ഠന് ലീഡ് ഉയര്‍ത്തിയപ്പോള്‍ സി. കൃഷ്ണകുമാര്‍ (251778) മൂന്നാം സ്ഥാനത്തേക്ക് ബഹുദൂരം പിന്തള്ളപ്പെട്ടു.
പാലക്കാട് ഡി.സി.സി. പ്രസിഡന്റായിരിക്കെയാണ് കഴിഞ്ഞ തവണ ആദ്യമായി ലോകസഭയിലേക്ക് മത്സരിച്ചത്. 2009 ല്‍ 1820 വോട്ടിന് ജയിച്ച എല്‍.ഡി.എഫിന്റെ എം.ബി. രാജേഷ്, 2014 ല്‍ തന്റെ ഭൂരിപക്ഷം 1,05,300 ലേക്ക് ഉയര്‍ത്തിയതിനാല്‍ യു.ഡി.എഫിന് സാധ്യത കുറവാണെന്ന് വിലയിരുത്തിയവരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു അന്നത്തെ ശ്രീകണ്ഠന്റെ വിജയം. 11,637 വോട്ടിന് പാലക്കാട് പിടിച്ചെടുത്ത ശ്രീകണ്ഠന് രണ്ടാം അങ്കത്തിനിറങ്ങുന്നത് കൂടുതല്‍ ജനകീയനായാണ്.
89 ല്‍ എ. വിജയരാഘവന് 1286 വോട്ടിന് പിടിച്ചെടുത്ത പാലക്കാടിനെ 1991 ല്‍ 15,768 വോട്ടിന് വി.എസ്. വിജയരാഘവന് വീണ്ടും യു.ഡി.എഫിനുവേണ്ടി തിരിച്ചെടുത്തു. അന്നും എതിരാളി എ. വിജയരാഘവനായിരുന്നു. പിന്നീട് 1996 ല്‍ എന്‍.എന്‍. കൃഷ്ണദാസിനെ ഇറക്കിയാണ് സി.പി.എം. പാലക്കാടിനെ ഒപ്പംകൂട്ടിയത്. അതില്‍ വിള്ളല്‍ വീഴ്ത്താന്‍ യു.ഡി.എഫിന് 2019 വരെ കാത്തിരിക്കേണ്ടി വന്നു.
എ ക്ലാസ് മണ്ഡലമായി ബി.ജെ.പി. പരിഗണിക്കുന്ന പാലക്കാട്, പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറാണ് ഇത്തവണ പോരിനിറങ്ങിയത്. കഴിഞ്ഞ തവണ 2,18,556 വോട്ട് നേടിയതും പാലക്കാട്, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്ത് തുടരുന്നതും തുടര്‍ച്ചയായി പാലക്കാട് നഗരസഭാ ഭരണം നിലനിര്‍ത്തിയതും ഒട്ടനവധി തദ്ദേശസ്ഥാപനങ്ങളില്‍ മുഖ്യപ്രതിപക്ഷമായി വളര്‍ന്നതുമെല്ലാം ബി.ജെ.പി.ക്ക് ആത്മവിശ്വാസം പകര്‍ന്നതായിരുന്നു.
2019-ലെ തിരഞ്ഞെടുപ്പില്‍ 11,637 വോട്ടുകളുടെ പിന്‍ബലത്തില്‍ ശ്രീകണ്ഠന് വിജയിച്ചപ്പോള്‍ അന്ന് അദ്ദേഹത്തിന് 3,99,274 വോട്ടുകള്‍ ലഭിച്ചു.
നിലവില്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് ശ്രീകണ്ഠന്. ഒറ്റപ്പാലം എന്‍.എസ്.എസില്‍ പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. 2000, 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഷൊര്‍ണൂര്‍ നഗരസഭാഗം. ഷൊര്‍ണൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവത്തിച്ചിട്ടുണ്ട്. 2011ല്‍ ഒറ്റപ്പാലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് ആയിരിക്കെ 2019 ല്‍ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ഷൊര്‍ണൂര്‍ കൃഷ്ണ നിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടെയും വെള്ളാളത്ത് കാര്‍ത്യായനിയമ്മയുടെയും മകനാണ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും നെന്മാറ എന്‍.എസ്.എസ്. കോളജിലെ അധ്യാപികയുമായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ. രാഗിണി ഏക സഹോദരി.






