
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. കേരളീയ വേഷമായ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് സുരേഷ് ഗോപി എത്തിയത്. സത്യപ്രതിജ്ഞയ്ക്കുശേഷം രാഷ്ട്രപതിയെ വണങ്ങിയ സുരേഷ് ഗോപി നെഞ്ചില്‍ കൈവച്ച് പ്രാര്ത്ഥിച്ചശേഷമായിരുന്നു രജിസ്റ്ററില്‍ ഒപ്പുവച്ചത്.
സത്യപ്രതിജ്ഞക്കുശേഷം ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും രാജ്നാഥ് സിംഗിന്റെയും അടുത്തെത്തി കൈകൂപ്പി വണങ്ങി. കേരളത്തില്‍ നിന്നുളള ഏക ബിജെപി എംപി സുരേഷ് ഗോപിയോടു ഡല്‍ഹിയിലെത്താന്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നു.
ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിർണ്ണായക പ്രവർത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യന്






