
കൊച്ചി : കേരളതീരത്ത്റെക്കോർഡിൽ മുത്തമിടാനുളള ഓട്ടത്തിലാണ് മത്തി. കിലോയ്ക്ക 100 രൂപ ഉണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ 400 രൂപയിലെത്തി. ഹോട്ടലിൽ 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ. അയലയ്ക്ക് 80 രൂപയുമാണ്.ട്രോളിംഗ് നിരോധനവും കാലാവസ്ഥ വ്യതിയാനവുമാണ് മത്സ്യ ലഭ്യത ഗണ്യമായി കുറയാൻ കാരണം. മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നത്.
നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കിൽ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തിൽ ട്രോളിങ് നിരോധനം. ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളിൽ 60 ദിവസമാണ്. കേരളത്തിലാകെയുള്ളത് 3,800 യന്ത്രവത്കൃത ബോട്ടുകളാണ്. ഇവയിൽ 1000 എണ്ണത്തോളമാണ് കൊച്ചിയിലുള്ളത്. ചെറുതും വലുതുമായി 34,000 മത്സ്യബന്ധന വള്ളങ്ങൾ കേരളത്തിലുണ്ട്. ഒരു ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഈ വള്ളങ്ങളിൽ ജോലി ചെയ്യുന്നത്. യന്ത്രവത്കൃത ബോട്ടുടമകളും ഇതിൽ പണിയെടുക്കുന്നവരും ട്രോളിങ് നിരോധനത്തോട് പൊതുവെ എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്.
ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ അളവിൽ മത്സ്യം ലഭിക്കുന്ന സമയമാണ്. ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ഇതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും തീരക്കടൽ അമിതമായി ചൂടുപിടിച്ചതുമാണ്. മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 ഡിഗ്രി സെൽഷ്യസാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കേരളത്തിന്റെ തീരക്കടലിൽ മുട്ടയിട്ട ശേഷം ആഴക്കടലിലേക്ക് തിരികെ പോവുകയാണ്. ഇവിടെ തുടരുന്ന മത്തികൾ ഭക്ഷണം കിട്ടാതെ ചെറുതായി പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ചെറിയ മത്തികൾ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കടക്കം കോഴിത്തീറ്റയ്ക്കും മറ്റുമായി കയറ്റി അയയ്ക്കുകയാണ് ചെയ്യുക.
2012ൽ ആകെ 8.32 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 3.92 ലക്ഷം ടൺ ആയിരുന്നു മത്തിയുടെ അളവ്. 2021ൽ ലഭിച്ച മത്തി 3297 ടൺ. 2022ൽ കാര്യങ്ങൾ കുറച്ചു മെച്ചപ്പെട്ട് 1.10 ലക്ഷം ടൺ മത്തി ആ വർഷം കേരളത്തിൽ ലഭിച്ചിരുന്നു. 2023ൽ കുറച്ചു മെച്ചപ്പെട്ട് 1.38 ലക്ഷം ടൺ ലഭിച്ചു. 2024 നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് മത്തി, അയല പോലുള്ള മീനുകളുടെ ലഭ്യതയിൽ വലിയ കുറവ് വരും. മത്തിയുടെ ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എൽനിനോ-ലാനിനാ പ്രതിഭാസമാണെന്ന് സിഎംഎഫ്ആർഐ അടുത്തിടെ കണ്ടെത്തിയിരുന്നു.
മത്തി അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായെന്നാണ് മുനമ്പത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികൾ പറയുന്നത്. വൈപ്പിൻ ഹാർബറിൽ ചെറിയ അയല -280, വലിയ അയല -400, മത്തി -(പൊന്നാനി -350), മത്തി (തമിഴ്നാട് -290,300) എന്ന വിലയിലാണ് ശനിയാഴ്ചത്തെ കച്ചവടം നടന്നത്. ഒരുമാസത്തിനിടെ കിലോയിൽ 150 രൂപയുടെ വരെ വർദ്ധനയാണ് മീൻ വിലയിലുണ്ടായത്.
അതേസമയം മത്സ്യബന്ധന മേഖലയിലെ ഭൂരിഭാഗം മനുഷ്യരും ഉപജീവനത്തിന് ആശ്രയിക്കുന്ന മത്സ്യമാണ് മത്തി. ഇതിന്റെ ലഭ്യതകുറയുന്നത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങളാണ് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. അത് സാമൂഹികമായും ബാധിക്കുമെന്ന് മത്സ്യതൊഴിലാളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറയുന്നു.






