
ലീപ്സിഗ്: കൗമാരതാരം ഫ്രാന്‍സിസ്കോ കോണ്സിയാവോ അരങ്ങേറ്റത്തില്‍ ഗോള്‍ നേടിയ മത്സരത്തില്‍ ചെക്ക് റിപ്പബ്ളിക്കിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. യൂറോ 2024 ല്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ളിക്കിനെ മറികടന്നപ്പോള്‍ ജോര്‍ജ്ജിയയെ വീഴ്ത്തി തുര്‍ക്കിയും മുമ്പോട്ടു പോയി. ഇന്നലെ നടന്ന മത്സരത്തില്‍ യോഗ്യതാറൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചുവന്ന പോര്‍ച്ചുഗലിന് ജയിക്കാന്‍ അവസാന മിനിറ്റ് വരെ കാക്കേണ്ടി വന്നു.
കളിയുടെ ഭൂരിപക്ഷ സമയവും പന്ത് നിയന്ത്രിച്ചത് പോര്ച്ചുഗലായിരുന്നെങ്കിലും ശക്തമായ പ്രതിരോധക്കോട്ട കെട്ടി ചെക്ക് എതിരാളികളെ തടയുകയായിരുന്നു. ക്രിസ്ത്യാനോ റൊണാള്‍ഡോയെ തടയാനുള്ള തന്ത്രങ്ങളുമായി ഇറങ്ങിയ ചെക്ക് പട കിട്ടിയ അവസരം മുതലെടുത്ത് ലൂക്കാസ് പ്രോവോഡിന്റെ രണ്ടാം പകുതിയിലെ ഗോളില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പോര്‍ച്ചുഗലിന്റെ തുടരന് ആക്രമണത്തിന് 69 ാം മിനിറ്റില്‍ ഫലമുണ്ടായി. ചെക്ക് ടീം വഴങ്ങിയ സെല്‍ഫ്ഗോളില്‍ പറങ്കിപ്പട ഒപ്പമെത്തി.
മുന്നേറ്റക്കാരന് എന്ന നിലയില്‍ സൂപ്പര്‍താരം ക്രിസ്ത്യാനോയുടെ പങ്ക് പരിമിതപ്പെട്ടുപോയ പോര്‍ച്ചുഗലിന്റെ രക്ഷയ്ക്ക് എത്തിയത് 21 കാരന് കോണ്സിയാവോ ആയിരുന്നു. പോര്‍ച്ചുഗലിന്റെ ഒരു ആക്രമണത്തെ തുടര്‍ന്നുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഒരു ക്ളോസ് റേഞ്ച് ഷോട്ട് ലക്ഷ്യം കണ്ട് യുവതാരം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു തുര്‍ക്കി ജോര്‍ജ്ജിയയെ മറികടന്നത്. ജോര്‍ജ്ജിയയുടെ ശ്രമങ്ങളിലെല്ലാം ദൗര്‍ഭാഗ്യം വിനയായപ്പോള്‍ തുര്‍ക്കി ഒന്നിനെതിരേ മൂന്ന് ഗോളില്‍ എതിരാളികളെ കീഴടക്കി.
കളിയുടെ ഇരുപത്തഞ്ചാം മിനിറ്റില മള്ദറും രണ്ടാംപകുതിയില്‍ റയല്‍ മാഡ്രിഡിന്റെ കൗമാരതാരം ഗുലറും ഇഞ്ചുറി സമയത്ത് അക്തുര് കോഗ്ളുവും നേടിയ ഗോളുകളിലായിരുന്നു വിജയം. ആദ്യമായി യൂറോകപ്പില്‍ മത്സരിക്കാനെത്തിയ ജോര്ജ്ജിയയാകട്ടെ മികച്ച പോരാട്ടവീര്യം തന്നെ പുറത്തെടുത്തു. പല തവണ ഗോളിന് മുന്നിലെത്തിയ അവര്‍ക്ക് ഭാഗ്യത്തിന്റെ തുണയില്ലാതിരുന്നതാണ് തിരിച്ചടിയായത്.






