
കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികളെ കടിച്ച നായ കഴിഞ്ഞദിവസം ചത്തിരുന്നു. ഇതിന് പിന്നാലെ നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഇതോടെ തെരുവ് നായ്ക്കളെ പിടികൂടാനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്. എംബിബിഎസ്, ഫാര്‍മസി വിഭാഗത്തിലായി ആറ് ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരില്‍ സാരമായി പരിക്കേറ്റവര്‍ വരെയുണ്ട്. കടിച്ചത് പേവിഷബാധയേറ്റ നായയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവരുടെ ചികിത്സാരീതിക്കും മാറ്റം വരുത്തിയിട്ടുണ്ട്.
നായക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും കൂടുതല്‍ പേര്‍ക്ക് കടിയേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് തെരുവുനായകളെ പിടികൂടാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ പിടികൂടുന്ന നായ്ക്കളെ പ്രതിരോധ വാക്സിന് നല്കി തിരിച്ച് അവിടെത്തന്നെ വിടുകയാണ് പതിവ്. മാലിന്യ പ്രശ്നമാണ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നായ്ക്കളുടെ എണ്ണം കൂടാന്‍ കാരണമായി പറയുന്നത്.






