
ന്യൂഡല്‍ഹി: നീറ്റ് നെറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാദ്ധ്യായ മാര്‍ഗ്ഗില്‍ രണ്ടുകിലോമീറ്റര്‍ നീളത്തില്‍ ഗതാഗതമൊക്കെ തടഞ്ഞാണ് കോണ്‍ഗ്രസ് ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ചത് ഉന്തും തള്ളിലും കലാശിച്ചു.
ബിജെപി ഓഫീസിലേക്കായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് നടന്നത്. വലിയ രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ തലവന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി. നേരത്തേ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ്ബസില് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഈ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. ഡിപിസിസി അദ്ധ്യക്ഷനെ കസ്റ്റഡിയില്‍ എടുത്ത ബസ് പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്നു തടഞ്ഞു. വരും ദിവസങ്ങളും പ്രതിഷേധം ശക്തമായി തുടരാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശം. നീറ്റ് പരീക്ഷാ വിവാദത്തില്‍ നേരത്തേ ലക്നൗവിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വന്‍ പ്രതിഷേധം നടത്തുന്നത്.






