
തിരുവനന്തപുരം: മാവില്‍നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന എട്ടു വയസുകാരന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ബാലന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു മേജര്‍ ശസ്ത്രക്രിയകള്‍ നടത്തുകയായിരുന്നു. സുഖം പ്രാപിച്ച കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.
അപകടം സംഭവിച്ച രാത്രിതന്നെ അതിസങ്കീര്‍ണമായ ഓപ്പറേഷന് വിജയകരമായി പൂര്‍ത്തിയാക്കിയതാണ് കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. സാധാരണ നിലയില്‍ ഇത്തരം വലിയ അപകടങ്ങള്‍ അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥയിലേക്കു നയിച്ചേക്കാം. എന്നാല്‍ സമയബന്ധിതമായ ഇടപെടല്‍ മൂലം ഇതൊഴിവാക്കാന്‍ സാധിച്ചു. കുട്ടിയെ ചികിത്സിച്ച മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
നവംബര്‍ പത്തിന് രാത്രിയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയൂടെ അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ എത്തിച്ചത്. അപകടത്തെത്തുടര്‍ന്ന് കമ്പ് വലിച്ചൂരിയതിനാല്‍ മലദ്വാരത്തിലൂടെ രക്തസ്രാവമുണ്ടായിരുന്നു. മലാശയത്തിന് പരിക്ക് കണ്ടതിനെത്തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ മലദ്വാരം, മലാശയം, കുടല്, ചുറ്റുപാടുമുള്ള അവയവങ്ങള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നു പോയിരുന്നു.
രാത്രി പന്ത്രണ്ടിനു തുടങ്ങിയ ശസ്ത്രക്രിയ പുലര്‍ച്ചെ 6 മണി വരെ നീണ്ടു. ആദ്യത്തെ ഓപ്പറേഷനുശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് മുറിവ് പൂര്‍ണമായും ഉണങ്ങിയശേഷം സാധാരണ രീതിയില്‍ മലമൂത്ര വിസര്‍ജനം സാധ്യമാക്കുന്നതിനുള്ള മേജര്‍ ശസ്ത്രക്രിയ മേയ് 29 ന് നടത്തി. ഇപ്പോള്‍ പഴയതു പോലെ കുട്ടിക്ക് മലമൂത്ര വിസര്‍ജനം നടത്താന്‍ സാധിക്കുന്നുണ്ട്.
പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. നിര്‍മല്‍ ഭാസ്കറിന്റെ നേതൃത്വത്തിലാണ് രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അനസ്തേഷ്യ സംഘവും ജൂനിയര്‍ സര്ജന് ഡോ. അജയുമാണ് ആദ്യ ഓപ്പറേഷനില്‍ ഒപ്പമുണ്ടായിരുന്നത്. ഡോ. ജൂബിയുടെ നേതൃത്വത്തിലുള്ള അനസ്തേഷ്യ സംഘവും ജൂനിയര്‍ സര്ജന് ഡോ. പാപ്പച്ചനും രണ്ടാമത്തെ ഓപ്പറേഷനില്‍ പങ്കാളിയായി. ഡോ. ദീപയുടെ നേതൃത്വത്തിലുള്ള പിഡിയാട്രിക് ഐ.സി.യു. സംഘമാണു കുട്ടിയെ പരിചരിച്ചത്. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. അശോകന്, സൂപ്രണ്ട് ഡോ. രാധിക എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.






