
വയനാട് കള്ളാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ കൊങ്കൺ അധികൃതരിൽ നിന്ന് വീണ്ടും റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ അറിയിച്ചു. ജൂലൈ ഒന്നിന് ചേർന്ന യോഗത്തിൽ വിഷയങ്ങൾ വ്യക്തമായി ഉന്നയിച്ചിരുന്നുവെന്നും നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കമ്പനി അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ വിദഗ്ധ സമിതി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയും രണ്ട് പേരെ കണ്ടെത്താനുണ്ടെന്നും ദുരന്തസ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ആശങ്ക ഉയർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇതുവരെ ഒരു ചോദ്യവും ഉയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബൈരക്കുപ്പ പാലം സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ നിർമ്മിക്കുമെന്നും പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളും പരിശോധനകളും പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.






