
മരണശേഷം ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല. എന്നാല്‍ അതേസമയം മരണത്തിനെയും തോല്‍പ്പിച്ച് പുതുജീവനിലേക്ക് തിരിച്ചുവന്ന ചില വിചിത്ര സംഭവങ്ങള്‍ ലോകത്തിന്റെ പലയടിത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസിലെ നെബ്രാസ്കയിലെ ലിങ്കണിലെ ബുതെറസ്-മസറും ലവ് ഫ്യൂണറല്‍ ഹോമില്‍ നടന്നത് സമാനമായ ഒരു അസാധാരണ സംഭവമാണ്. കോണ്‍സ്റ്റന്‍സ് ഗ്ലാന്‍സ് എന്ന പെഷണറായ 74 -കാരിയെ മരിച്ചെന്ന് കരുതി അടക്കാനായി സെമിത്തേരിയിലേക്ക് എടുത്തതായിരുന്നു. എന്നാല്‍, ഈ സമയം ശവപ്പെട്ടിക്കുള്ളില്‍ നിന്നും ശ്വസം മുട്ടുന്നത് പോലെ അസ്വസ്ഥകരമായ ശബ്ദം കേട്ട് ശ്മശാന ജീവനക്കാര്‍ ഭയന്നു. പിന്നാലെ ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കോണ്‍സ്റ്റന്‍സ് ഗ്ലാന്സിന് ജീവനുള്ളതായി കണ്ടെത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്കുന്ന വിവരം.
ജൂണ്‍ 3-ന് രാവിലെ 9.44-നാണ് കോണ്‍സ്റ്റന്‍സ് മരിച്ചതായി ബുതെറസ്-മസറും ലവ് ഫ്യൂണറല്‍ ഹോമില്‍ നിന്നും അറിയിപ്പുണ്ടായത്. പിന്നാലെ ഇവരുടെ മൃതദേഹം അടക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനിടെയാണ് ശവപ്പെട്ടിയില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് ജീവനക്കാര്‍ പെട്ടി തുറന്നത്. ശവപ്പെട്ടിക്കുള്ളില്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന കോണ്‍സ്റ്റന്‍സിനെ കണ്ട ശ്മശാന ജീവനക്കാര്‍ ഉടന്‍ തന്നെ അവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്കി. മാത്രമല്ല, പോലീസിനെയും അത്യാഹിത വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. തന്റെ 31 വര്‍ഷത്തെ സര്‍വ്വീസിനിടെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്ന് പോലീസ് ഉദ്യോഗസ്ഥനായ ബെന്‍ ഹൗച്ചിന്‍ പറഞ്ഞു.
രാവിലെ 11.44 നോടെയാണ് പോലീസ് സ്റ്റേഷനിലേക്ക് ശവസംസ്കാര കേന്ദ്രത്തില്‍ നിന്നും ഫോണെത്തുന്നത്. അവര്‍ സഹായം അഭ്യര്‍ത്ഥിച്ചതനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അസാധാരണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശവസംസ്കാരത്തിന് തൊട്ട് മുമ്പാണ് കോണ്‍സ്റ്റന്‍സ് ഗ്ലാന്സിന് ശ്വാസമുണ്ടെന്ന് ജീവനക്കാര്‍ കണ്ടെത്തുന്നത്. ഉടനെ തന്നെ അവര്‍ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍, മരണത്തിന് മുമ്പ് അവരെ അടക്കം ചെയ്യാനുള്ള ശ്രമങ്ങളൊന്നും നടന്നില്ലെന്നും സംഭവത്തെ കുറിച്ച് കോണ്‍സ്റ്റന്‍സ് ഗ്ലാന്‍സിന്റെ കുടുംബത്തെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






