
കോട്ടയം: ഇടവേളയ്ക്കു ശേഷം ലഹരിയുടെ കോട്ടകെട്ടി കോട്ടയം. ഇക്കൊല്ലം എക്സൈസ് രജിസ്റ്റര്‍ ചെയ്ത 70 മയക്കുമരുന്നു കേസുകളില്‍ 45 എണ്ണവും ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് എറണാകുളം. കഞ്ചാവു മുതല്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള വിവിധയിനം രാസലഹരിവരെ ജില്ലയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നാണ് എക്സൈസ്, പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ലഹരിക്ക് അടിമകളായതായി എക്സൈസ് പറയുന്നു. ദിവസം 50 കിലോയിലേറെ കഞ്ചാവ് ജില്ലയില്‍ വിറ്റഴിക്കപ്പെടുന്നതായാണു സൂചന. തമിഴ്നാടിനു പുറമേ അതിഥിത്തൊഴിലാളികള്‍ ഒഡിഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ കഞ്ചാവ് എത്തിക്കുന്നുണ്ട്. സമീപ ദിവസങ്ങളില്‍ കുമരകത്ത് ഉള്‍പ്പെടെ വന്‍ കഞ്ചാവുവേട്ട നടന്നിരുന്നു.
ജില്ലയില്‍ ഇക്കൊല്ലം രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസുകളില്‍ എട്ടു പേര് യുവതികളാണ്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് മയക്കുമരുന്നിന് അടിമകളാക്കിയ ശേഷം ലഹരി കാരിയര്‍മാരായി ഉപയോഗിക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറ്റുമാനൂര്‍, അതിരമ്പുഴ, ചിങ്ങവനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വ്യാപകമായി വിറ്റഴിയുന്നത്. പോലീസ് - എക്സൈസ് പരിശോധന തകൃതിയായി നടക്കുമ്പോഴും ജില്ലയിലേക്ക് ലഹരിമരുന്നിന്റെ ഒഴുക്കിനു കുറവില്ല.
കൊള്ളയും ക്വട്ടേഷനുമായി നടന്നാല്‍ അകത്തുപോകുമെന്ന് ഉറപ്പിച്ച ഗുണ്ടകളും അനുയായികളുമാണ് യഥേഷ്ടം ലഹരിക്കച്ചവടം നടത്തുന്നത്. ഒറ്റയടിയ്ക്ക് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നതും ഇതിലേക്ക് ആകര്‍ഷിക്കുന്നു. മലയോരമേഖലയിലും, ടൂറിസം ഗ്രാമമായ കുമരകം കേന്ദ്രീകരിച്ചും കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചു. പച്ചക്കറി ലോറികളിലും, ആഡംബര വാഹനങ്ങളിലുമാണു കഞ്ചാവ് കടത്ത്. ബ്രൗണ്‍ഷുഗര്‍, എല്‍.എസ്.ഡി തുടങ്ങിയ ലഹരി വസ്തുക്കളും യഥേഷ്ടം ലഭ്യമാണ്. ഇതിന് പുറമെയാണ് മാരകമയക്കുമരുന്നായ എം.ഡി.എം.എ. കഴിഞ്ഞ ദിവസം ഒറീസയില്‍ നിന്ന് എത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുമരകത്ത് നിന്ന് എക്സൈസ് പിടികൂടിയിരുന്നു.
കൂടുതല്‍ പണം ലഭിക്കാന്‍ രാസലഹരി വില്ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു.വലിയ അളവ് കഞ്ചാവ് വാഹനങ്ങളില്‍ കടത്തുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് മൂലമാണ് വന്‍ലാഭമുള്ള എം.ഡി.എം.എ പോലുള്ളവയിലേയ്ക്ക് യുവാക്കള്‍ അടുത്തത്. മൂന്ന് വര്‍ഷത്തിനിടെ ജില്ലയില്‍ ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റിലായവരില്‍ 95 ശതമാനം പേരും 30 വയസില്‍ താഴെയുള്ളവരാണെന്നതും ഞെട്ടിക്കുന്നു.






