
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയം ചര്‍ച്ചചെയ്ത സി.പി.എം. ജില്ലാ ഘടകങ്ങള്‍ പിണറായി വിരുദ്ധ വിമര്‍ശനങ്ങള്‍ സജീവമാക്കിയതോടെ വരാനിരിക്കുന്ന പാര്‍ട്ടി കീഴ്ഘടകസമ്മേളനങ്ങളും നേതൃത്വത്തിനെതിരെ തിരിയും. ഭരണ വിരുദ്ധ വികാരം തുടര്ചര്ച്ചയാകും. രണ്ടു വര്‍ഷത്തിനകം നടക്കേണ്ട ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇതിന്റെ അലയൊലികള്‍ ഉണ്ടാവുമെന്ന് പിണറായി പക്ഷം കണക്കുകൂട്ടുന്നു.
ഇക്കൊല്ലം ആരംഭിക്കുന്ന സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളിലും തുടര്‍ന്നുള്ള ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴകീറി പരിശോധിക്കപ്പെടും. ഇതോടെ പല ഘടകങ്ങളിലും പിണറായി പക്ഷത്തിന്റെ ആധിപത്യം നഷ്ടപ്പെടും. വി.എസ്. പക്ഷത്തുനിന്ന് പിടിച്ചെടുത്ത എറണാകുളം ജില്ലയില്‍ ഇക്കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത് പിണറായി പക്ഷത്തിന്റെ വക്താവു തന്നെയായിരുന്ന മുതിര്‍ന്ന നേതാവാണ്. മകള്‍ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം പരാജയത്തിന് വഴിവച്ചുവെന്ന ആക്ഷേപം ഉയര്‍ത്തിയത് ഇൗ നേതാവാണ്.
ഇതാണ് സ്ഥിതിയെങ്കില്‍ വരുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍പ്പോലും സി.പി.എം ഒൗദ്യോഗിക നേതൃത്വത്തിന്റെ പട്ടിക ചോദ്യം ചെയ്യപ്പെടാം. ബ്രാഞ്ചു തലത്തില്‍ ആരംഭിച്ച് ഏരിയാ സമ്മേളനങ്ങള്‍ കഴിയുന്നതോടെ പിണറായി പക്ഷത്തിന്റെ സ്വാധീനം എത്ര കണ്ട് കുറയുമെന്നത് സമവാക്യങ്ങളില്‍ വലിയ മാറ്റം വരുത്തും. രണ്ടാംവട്ടം ഭരണം കിട്ടിയപ്പോള്‍, പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും മാതൃകയാണ് കേരള മോഡലെന്ന് 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രശംസിച്ച കേന്ദ്ര നേതാക്കളുടെ നിലപാടും വരും നാളുകളില്‍ നിര്‍ണായകമാണ്.






