
കൊച്ചി: കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തില്‍ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കന്‍ വനിതയ്ക്കെതിരേ കേസെടുക്കുന്നതു വൈകിയേക്കും. വിദേശവനിതയുടെ ശരീരത്തില്‍നിന്നു മുഴുവന്‍ ഗുളികയും ലഭിച്ചശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ. നിലവില്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, ഭാര്യ വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവര്‍ കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് ഡി.ആര്.ഐയുടെ പിടിയിലായത്.
നൂറോളം ഗുളികകളുടെ രൂപത്തില്‍ 1.945 കിലോ കൊക്കെയ്നാണ് ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്തത്. ഇതിന് 19 കോടി രൂപ വില വരും. വെറോനിക്കയുടെ ശരീരത്തിലും രണ്ടു കിലോയോളം കൊക്കെയിന്‍ ഉണ്ടെന്നാണു സൂചന. ഇതുവരെ 1.8 കിലോ പുറത്തെടുത്തെന്നാണു വിവരം. കഴിഞ്ഞ 16-ന് എത്യോപ്യയില്‍നിന്നു ദോഹ വഴി ബിസിനസ് വിസയിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മയക്കുമരുന്നു കണ്ടെത്താനായില്ല.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോഴാണു മയക്കുമരുന്നു കണ്ടെത്തിയത്. ഒരാഴ്ചകൊണ്ടാണ് ഒമരിയുടെ ശരീരത്തില്‍നിന്നു കൊക്കെയ്ന്‍ പൂര്‍ണമായും പുറത്തെടുത്തത്. ഗുളികകളെല്ലാം പുറത്തെടുത്തു തീരാത്തതിനാല്‍ വെറോനിക്ക ഇപ്പോഴും ആശുപത്രിയിലാണ്. പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിപ്പിച്ച് വയറിളക്കിയാണു ഗുളികകള്‍ പുറത്തെടുക്കുന്നത്. യുവതിയ്ക്ക് എയ്ഡ്സ് ബാധയുള്ളതിനാല്‍ ഏറെ ശ്രദ്ധയോടെയാണു വയറിളക്കല്‍.






