
കൊച്ചി: കയറ്റുമതി നിരോധന കാലത്തു കസ്റ്റംസ് പിടികൂടിയ സവാള വല്ലാര്‍പാടം ടെര്‍മിനലില്‍ കെട്ടിക്കിടക്കുന്നു നശിക്കുന്നു. മൂന്നു വലിയ കണ്ടെയ്നറുകളിലായാണു സവാളയുള്ളത്. നിയമനടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മുമ്പു പിടികൂടിയ അരി കണ്ടെയ്നറുകളും ടെര്‍മിനലിലുണ്ട്. തിരുപ്പൂര്‍ തുണികളുടെ വില കുറച്ചു കാണിച്ചുള്ള നികുതി വെട്ടിപ്പും അടുത്തിടെ കണ്ടെത്തിയിരുന്നു.
വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയും ഉഴിവാക്കിയുമുള്ള വിജ്ഞാപനങ്ങളിറങ്ങാറുണ്ട്. വിലക്കയറ്റത്തെത്തുടര്‍ന്ന് അടുത്തിടെ ചില വസ്തുക്കള്‍ കയറ്റി അയക്കുന്നതു കേന്ദ്രം നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കസ്റ്റംസിനെ വെട്ടിച്ചു വ്യാജ ബില്ല് ക്ലീയറന്‍സിനായി സമര്‍പ്പിച്ചാണു കള്ളക്കടത്തു നടത്തുന്നത്. സവാള കയറ്റിയ ഷിപ്പ്മെന്റില്‍ ഒളിപ്പിച്ചു കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്താറുണ്ടെന്നും കസ്റ്റംസ് സംശയിക്കുന്നു.
സീ കസ്റ്റംസ് കഴിഞ്ഞ ദിവസം വല്ലാര്‍പാടത്തുനിന്നു വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച നാലര കോടി രൂപയുടെ അരി പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് ഇന്റലിജന്‍സിനാണ് അന്വേഷണച്ചുമതല. ഉപ്പു ചാക്കുകള്‍ എന്ന വ്യാജേനയായിരുന്നു കടത്ത്. ഇവിടെനിന്നു കയറ്റുമതി നിരോധനമുള്ള പഞ്ചസാര വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി കടത്താന്‍ ശ്രമിക്കുമ്പോള്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയിരുന്നു. പൊതിച്ച തേങ്ങ കയറ്റിയയക്കാനുള്ള ബില്ലായിരുന്നു ക്ലിയറന്‍സിനായി സമര്‍പ്പിച്ചിരുന്നത്.
കയറ്റുമതി നിരോധനമുള്ള ഉല്പന്നങ്ങളും വസ്തുക്കളും ധാന്യങ്ങളുമെല്ലാം വ്യാജബില്ലുകളില്‍ കയറ്റുമതി ചെയ്തു കോടികളുടെ തട്ടിപ്പാണു നടക്കുന്നത്. സവാളയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് 2023 ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. കഴിഞ്ഞ മേയില്‍ സവാളയുടെ കയറ്റുമതി നിരോധനം നീക്കുകയും വില ടണ്ണിനു 45,860 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനുമുമ്പ്, നിരോധനം നിലവിലുള്ളപ്പോള്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്താന്‍ ശ്രമിച്ച സവാളയാണു 30-40 അടിയുള്ള കണ്ടെയ്നറുകളിലായി വല്ലാര്‍പാടം ടെര്‍മിനലിലുള്ളത്.
അരി കടത്ത് പല തവണയായി പിടിക്കപ്പെട്ടിട്ടുണ്ട്. ഈ കണ്ടെയ്നറുകളും ഇവിടെയുണ്ട്. കസ്റ്റംസ് അഡ്ജുഡിക്കേഷന് അതോറിറ്റി പിഴ തുക നിശ്ചയിച്ച് ഈ തുക ഈടാക്കിയാണ് കണ്ടെയ്നറുകള്‍ വിട്ടുനല്‍കുന്നത്. തുടര്‍നടപടികള്‍ വൈകുന്നതും കടത്തിന് ശ്രമിച്ച വ്യാപാരികള്‍ പിന്നീട് ഏറ്റെടുക്കാന്‍ തയാറാകാത്തതുമായ ഉല്പന്നങ്ങള് കണ്ടെയ്നറുകളില്‍ തന്നെ കിടന്നു നശിക്കും.
അതേസമയം, ദുബായ് കസ്റ്റംസ് അധികൃതര്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ കണ്ടൈയ്നറില്‍നിന്നു കഞ്ചാവ് പിടികൂടിയിരുന്നു. ഇവ ഇന്ത്യയില്‍നിന്നുള്ളവയാണെന്നു സംശയിക്കുന്നു. സവാള കയറ്റുമതിയുടെ മറവിലാണ് കഞ്ചാവ് കടത്തിയത്. പെട്ടിക്കുമുകളില്‍ ചുവന്ന ഉള്ളി എന്നായിരുന്നു രേഖപ്പെടുത്തിയത്. സംശയം തോന്നിയതോടെ എക്സ്റേ മെഷീന് ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ 14.85 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.






