
ദക്ഷിണേന്ത്യയിലെ ജനപ്രിയ താരമാണ് അനുഷ്ക ഷെട്ടി . ബാഹുബലിക്ക് ശേഷമാണ് താരത്തിന് ആരാധകർ ഏറിയത് . നിരവധി ദക്ഷിണേന്ത്യൻ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തന്റെ ആരോഗ്യനിലയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരുന്നു.
ചിരിക്കാൻ തുടങ്ങിയാൽ നിർത്താനാവാതെ ചിരിച്ചുകൊണ്ടേയിരിക്കുന്ന അസുഖം തനിക്കുള്ളതായാണ് അനുഷ്ക ഷെട്ടി പറയുന്നത് . വീണ്ടും സാധാരണ നിലയിലാകാൻ 20 മിനിറ്റ് വരെ എടുക്കുമെന്നും താരം പറയുന്നു.
‘എനിക്ക് ചിരിക്കുന്ന ഒരു രോഗമുണ്ട്. ചിരിക്കുന്നതും ഒരു രോഗമാകുമെന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ എന്റെ കാര്യത്തിൽ അങ്ങനെയാണ്. ഒരിക്കൽ ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് ചിരി നിർത്താൻ എനിക്ക് ബുദ്ധിമുട്ടാകും. ഏതെങ്കിലും കോമഡി സീൻ
കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഞാൻ ചിരിച്ചുകൊണ്ട് തറയിൽ ഉരുളുന്നു. ഇതോടെ ഷൂട്ടിംഗ് പലതവണ നിർത്തിവെക്കേണ്ടി കണ്ടിട്ടുണ്ട്’ എന്നാണ് അനുഷ്ക പറയുന്നത്.
അതേസമയം സ്യൂഡോബള്‍ബര്‍ അഫക്ട് (PBA) എന്നറിയപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയെക്കുറിച്ചാണ് അനുഷ്ക പറഞ്ഞത്.ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. അനുഷ്ക അഭിമുഖത്തില്‍ പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
ഇത്തരം രോഗമുള്ളവർക്ക് ചിരിയോ കരച്ചിലോ പെട്ടെന്ന് നിയന്ത്രിക്കാനാകാത്ത അവസ്ഥയാകും. ഈ വൈകാരിക അവസ്ഥ അനുഭവിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും ആശയക്കുഴപ്പവും സമ്മര്‍ദവും സൃഷ്ടിക്കും.






