
അടുത്തിടെ ഇറങ്ങിയതില്‍ പ്രേക്ഷകര്‍ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ച സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. കോടി ക്ലബ്ബിലേക്ക് കടന്ന സിനിമ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. തിയേറ്ററില്‍ എത്തിയ ശേഷം ഒടിടി റിലീസ് ചെയ്തപ്പോഴും സിനിമയ്ക്ക് വന്‍ സ്വീകാര്യത കിട്ടിയിരുന്നു. പലതരത്തിലുള്ള കമന്റുകളും വന്നിരുന്നു. അഭിനയിച്ച എല്ലാ താരങ്ങളുടെയും മികച്ച പ്രകടനങ്ങള്‍ പ്രശംസകള്‍ ഏറ്റുവാങ്ങി. അതില്‍ സലിംകുമാറിന്റെ മകനായ ചന്തു അഭിനയിച്ചിരുന്നു. അച്ഛനെ ഓർമ്മിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു ചന്തുവിന്റെ പ്രകടനമെന്നായിരുന്നു സിനിമ കണ്ട പലരുടെയും കമന്റ്. അച്ഛനെപ്പോലെ തന്നെ തോന്നുന്ന രീതികള്‍ ചന്തുവിനും ഉണ്ടായിരുന്നു എന്നാണ് പലരും കുറിച്ചത്.
ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് വന്ന ഒരു പുതിയ ട്രോളാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നത് സലിംകുമാർ ആയിരുന്നുവെങ്കില്‍ എങ്ങനെയാവും എന്നാണ് ഒരു ട്രോളിലൂടെ റീമേക്ക് ചെയ്തിരിക്കുന്നത്. സലീം കുമാറിന്റെ മണവാളൻ എന്ന കഥാപാത്രത്തിന്റെ രംഗങ്ങള്‍ ചേര്‍ത്തു വച്ചാണ് ഈ ട്രോള്‍ ഇറക്കിയിരിക്കുന്നത്.
എജ്ജാതി തള്ള് എന്ന് പറയുന്ന ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ട്രോള്‍ വന്നിരിക്കുന്നത്. നിരവധി ആളുകള്‍ ഇതിന് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ‘ഇതുവരെ ഈ സിനിമ കണ്ടിട്ടില്ലാത്തവർക്ക് പോലും ഇത് മനോഹരമായി തോന്നും, എഡിറ്റ് ചെയ്തവൻ ഭീകരനാണവൻ കൊടും ഭീകരൻ സിനിമ ഇറങ്ങുന്നതിനു മുൻപില് കിട്ടിയിരുന്നുവെങ്കില്‍ ഡയറക്ടർക്ക് ഇത്ര കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു’ എന്നതടക്കമാണ് കമന്റുകള്‍.
‘ഏത് സിനിമ ഹിറ്റായാലും അതിന്റെ മുകളില്‍ ഒരു മണവാളൻ ഉണ്ടാകും അച്ഛനും മകനും ഒരു ഫ്രെയിമില്‍ ആരാടാ ഇത് എഡിറ്റ് ചെയ്തത് അച്ഛനാണത്രേ അച്ഛൻ ബാക്കിയുള്ളവർ ചെയ്തതിന്റെ മുകളില്‍ കയറി സ്കോർ ചെയ്തിരിക്കുന്നു ഇങ്ങനെ ചന്തു പറയും’ എന്നൊക്കെയാണ് കമന്റുകള്‍. പൊട്ടിച്ചിരിച്ചുകൊണ്ടാണ് എല്ലാവരും ഈ വീഡിയോ കാണുന്നതെന്നതില്‍ സംശയമില്ല.






