
പാലാ: നിയന്ത്രണം തെറ്റി തോട്ടില്‍ വീണ കാറില്‍ കുടുങ്ങിക്കിടന്ന രണ്ട് യാത്രികര്‍ക്ക് രക്ഷകരായത് സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥര്‍. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ വെട്ടിമുകള്‍ ഷട്ടറുകവലയ്ക്ക് സമീപം ഇന്നലെ രാവിലെ 10.15 നായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു പാലായിലേക്ക് പോകുകയായിരുന്ന കാര്‍ ഷട്ടറുകവവല കഴിഞ്ഞപ്പോള്‍ റോഡില്‍നിന്ന് നിയന്ത്രണം വിട്ട് തെന്നിമാറി തോട്ടിലേക്ക് മറിയുകയായിരുന്നു. ആ സമയം നല്ല മഴയുമുണ്ടായിരുന്നു.
കാര്‍ ഓടിച്ചിരുന്ന പാലാ സ്വദേശിയും സുഹൃത്തും ഡോര്‍തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാട്ടുപള്ളകള്‍ നിറഞ്ഞ അവിടെ കാര്‍ മറിഞ്ഞുകിടക്കുന്നത് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പെടില്ല. പാലാ സ്റ്റേഷനില്‍നിന്ന് നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.പി.ഒ സിനോഷിനു റോഡില്‍ അപകടമുണ്ടായതായി തോന്നി. ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ തോട്ടില്ക്കുടുങ്ങിയ കാര്‍ കണ്ടു. തൊട്ടുപിന്നാലെ ഏറ്റുമാനൂരിലെ വീട്ടില്‍നിന്ന് സ്കൂട്ടറില്‍ പാലാ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന എ.എസ്.ഐ പി.എസ്. നിസയുമെത്തി.
ഇരുവരും കാറിനടുത്തേക്ക് ഓടിയെത്തി. അപ്പോള്‍ കാറിന്റെ മുന്‍സീറ്റുകളില്‍ യാത്രികര്‍ രണ്ടുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. മുന്‍വശത്തെ ഡോറുകള്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഉടന്‍തന്നെ സിനോഷ് പുറകിലത്തെ ഡോര്‍ തുറന്ന് കാര്‍ ഓടിച്ചിരുന്നയാളെ പുറകിലേക്ക് വലിച്ചെടുത്തുത്തു. അദ്ദേഹത്തിന്റെ ഇടത് കൈയ്ക്ക് പരുക്കുമുണ്ടായിരുന്നു. തുടര്‍ന്ന് ഇടത് വശത്തെ സീറ്റിലിരുന്ന ആളെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സമീപത്തെ വീട്ടില്‍നിന്നു എത്തിച്ച കയര്‍ ഇട്ടുകൊടുത്ത് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്നു സിനോഷ് കാറിന്റെ മുന്‍ഡോറിലെ ജനലിലൂടെ തന്നെ യാത്രക്കാരനെ ഉയര്‍ത്തി പുറത്തെടുക്കുകയായിരുന്നു.
സിനോഷും നാട്ടുകാരും ചേര്‍ന്ന് അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നിറയെ കാട്ടുപള്ളകള്‍ നിറഞ്ഞ ഷട്ടറുകവലഭാഗത്ത് ഹൈവേയുടെ അരികിലൂടെ ഒഴുകുന്ന തോട് ആരുടേയും ശ്രദ്ധയില്‍ പെടില്ല. കാര്‍ പോലുള്ളവാഹനങ്ങള് ഈ തോട്ടില്‍ വീണാല്‍ വഴിപോകുന്ന മറ്റ് യാത്രക്കാര്‍ പോലും അറിയില്ല. കാര്‍ അല്പം കൂടി താഴ്ചയിലേക്ക് വീണിരുന്നെങ്കില്‍ തോട്ടിലെ വെള്ളത്തില്‍ മുങ്ങിപ്പോകുമായിരുന്നു.






