
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പോലീസ് തെരഞ്ഞിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടിയിലായ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന് വേണ്ടി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എകെജി സെന്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എകെജി സെന്റര്‍ ആക്രമണം നടന്ന് രണ്ട് വര്‍ഷം തികയുമ്പോഴാണ് മുഖ്യആസൂത്രകന് പിടിയിലായിരിക്കുന്നത്. സംഭവത്തിന് ശേഷം രണ്ട് വര്‍ഷമായി സുഹൈല്‍ ഒളിവിലായിരുന്നു. തിരികെയെത്തിയപ്പോഴാണ് പിടിയിലായത്. ഡല്‍ഹിയിലെത്തി ഇന്നുതന്നെ സുഹൈലിനെ തിരുവനന്തപുരത്ത് എത്തിക്കും.
സംഭവം നടന്ന് 85ാം ദിവസമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ വി ജിതിന് പിടിയിലായത്. പിന്നാലെ ജിതിന് സ്കൂട്ടര്‍ എത്തിച്ചുനല്‍കിയ സുഹൃത്ത് നവ്യയും പിടിയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ദൃശ്യങ്ങളില്‍ സ്കൂട്ടറിലെത്തിയ ഒരാള്‍ എകെജി സെന്ററിലേക്ക് പടക്കം എറിയുന്നത് കാണാം.






