
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ വിജയം ബ്ളാക്കൗട്ട് ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പിലെ ജയം ജനകീയ വിശ്വാസത്തിന്റെ തെളിവാണെന്നും പറഞ്ഞു. രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെതിരേ മോദി ആഞ്ഞടിച്ചു. നന്ദിപ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം നീണ്ടതോടെ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം ബഹളം വെക്കുകയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു.
എന്നാല്‍ ചോദ്യത്തിന് ഉത്തരംകേള്‍ക്കാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലെന്നും അവര്‍ ചോദ്യം ഉന്നയിച്ചിട്ട് ഓടിയൊളിക്കുകയാണെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം രണ്ടര മണിക്കൂര്‍ നീണ്ടുപോയപ്പോള്‍ ഇടപെടാന്‍ രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്കെതിരെയും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെയും രൂക്ഷമായി പരിഹസിക്കാനും മറന്നില്ല. ''ഇവര്‍ ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്നവരാണ്. അവര്‍ക്ക് ജോലിയില്‍ വിശ്വാസമില്ല, എങ്ങനെ കാത്തിരിക്കണമെന്ന് മാത്രമേ അറിയൂ.'' പ്രധാനമന്ത്രി പരിഹസിച്ചു. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണം മന്മോഹന് സിംഗ് നടത്തിയപ്പോള്‍ സോണിയാഗാന്ധിയായിരുന്നു ചരടുവലി നടത്തിയത് എന്നായിരുന്നു മോദി സൂചിപ്പിച്ചത്.
കഠിനാധ്വാനത്തില്‍ ഞങ്ങള്‍ ഒരു കല്ലും ഉപേക്ഷിക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക തന്നെ ചെയ്യും. ഞങ്ങളുടെ സ്വപ്നങ്ങള്‍ എന്താണെന്ന് കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷം കണ്ടത് ട്രെയിലര്‍ മാത്രമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയാണ് തങ്ങളുടെ ഊര്‍ജമെന്നും പ്രതിപക്ഷമാണ് ഭരണഘടനയെ അപമാനിച്ചതെന്നും അവര്‍ക്ക് തെരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സംസാരം നീണ്ടുപോയതിനാല്‍ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലൂം ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം ബഹളം വെക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു.






