
കൊച്ചി: ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങളെന്ന നേട്ടം അവകാശപ്പെടുന്ന സര്‍ക്കാരിനു കൊച്ചി സ്മാര്‍ട്ട് സിറ്റിയെപ്പറ്റി അജ്ഞത! 2011-ലാണ് ദുബായ് ഹോള്‍ഡിങ്ങിനു കീഴിലുള്ള ടീകോം ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായി സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി കരാറൊപ്പിട്ടത്.
2014-ല്‍ 246 ഏക്കര്‍ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ടായപ്പോള്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരാവകാശച്ചോദ്യങ്ങള്ക്കു മുന്നില്‍ കൈമലര്‍ത്തുകയാണു വ്യവസായവകുപ്പ്.
കൊച്ചി സ്വദേശി കെ. ഗോവിന്ദന് നമ്പൂതിരിയാണു സ്മാര്‍ട്ടി സിറ്റിയുടെ വിവരങ്ങള്‍ തേടി വ്യവസായവകുപ്പിന് അപേക്ഷ നല്‍കിയത്. വിവരങ്ങള്‍ വകുപ്പിന്റെ പക്കലില്ലാത്തതിനാല്‍ അപേക്ഷ സ്മാര്‍ട്ട് സിറ്റി കൊച്ചി ഓഫീസിനു കൈമാറി. എന്നാല്‍, സ്മാര്‍ട്ട് സിറ്റി കൊച്ചി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് വിവരാവകാശനിയമപരിധിയില്‍ അല്ലാത്തതിനാല്‍ വിവരങ്ങള്‍ നല്കാന് സാധിക്കില്ലെന്നായിരുന്നു അവരുടെ മറുപടി.
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടിട്ട് 13 വര്‍ഷം പിന്നിടുമ്പോള്‍ 90,000 തൊഴിലവസരം, 88 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങള്‍ എന്നീ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. മുഖ്യമന്ത്രി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ സ്മാര്‍ട്ട് സിറ്റിയില്‍ സര്‍ക്കാര്‍ ഓഹരി 16 ശതമാനമാണ്. കഴിഞ്ഞ നവംബര്‍ 21 വരെ പദ്ധതിക്കായി മാറ്റിവച്ച സര്‍ക്കാര്‍ഭൂമിയില്‍ എത്ര ശതമാനം ഒഴിഞ്ഞുകിടക്കുന്നുവെന്നായിരുന്നു പ്രധാനചോദ്യം.
പ്രവര്‍ത്തനം തുടങ്ങിയ കമ്പനികളുടെ എണ്ണം, ലഭ്യമായ തൊഴിലവസരങ്ങള്‍, പദ്ധതിക്കു ലഭ്യമായ ആകെ ഭൂമി, ഏറ്റെടുത്തത്, ഒഴിഞ്ഞുകിടക്കുന്ന ഭൂമി എന്നീ വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു. അവകാശനിഷേധത്തിനെതിരേ സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കുമെന്ന് അപേക്ഷകന് വ്യക്തമാക്കി.






