
അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് പൃഥ്വിരാജും ബേസിലും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വിപിന്‍ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പലനടയില്‍’. തിയേറ്ററിലെ വൻ വിജയത്തിനു ശേഷം ജൂണ്‍ 27ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി യിലും എത്തി. ഒടിടിയിലൂടെ ചില കാര്യങ്ങള്‍ക്ക് കടുത്ത വിമർശനങ്ങളും ചിത്രം നേരിടുന്നുണ്ട്.
ഇപ്പോഴിതാ സിനിമയെക്കുറിച്ചും കാസ്റ്റിംഗിനെക്കുറിച്ചും കൂടുതല്‍ സംസാരിക്കുകയാണ് സംവിധായകന് വിപിന്‍ദാസ്. പൃഥ്വിരാജ് പൊതുവേ അങ്ങനെ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ലെന്നും കുഴി എടുക്കുന്ന സീനിനെ കുറിച്ച് ചോദിച്ചതായിരുന്നു എന്നും പറയുകയാണ് വിപിന്‍ദാസ്.
ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ആളാണ് പൃഥ്വിരാജെന്ന് കേട്ടിട്ടുണ്ടെന്നുള്ള ചോദ്യത്തിനാണ് വിപിന്‍ദാസ് മറുപടി പറഞ്ഞത്.
‘‘പൃഥ്വിരാജ് പൊതുവേ അങ്ങനെ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ല. ആകെ ഓർമ വന്നത് ആ കുഴി എടുക്കുന്ന സീനിനെ കുറിച്ച് ചോദിച്ചതായിരുന്നു. ഈ സീൻ എടുക്കുമ്ബോള്‍ അതിനു മുന്നേ ഉള്ള സീൻ എന്താണെന്ന് രാജു ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് അറിയില്ലെന്ന്. അപ്പോള്‍ അത് കഴിഞ്ഞുള്ള സീനിനെ പറ്റി ചോദിച്ചപ്പോള്‍ അതും അറിയില്ലെന്ന് പറഞ്ഞു. സത്യത്തില്‍ എനിക്ക് ആ സീൻ ഏതാണെന്ന് അറിയില്ലായിരുന്നു. അപ്പോള്‍ രാജു പറഞ്ഞു എന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായിട്ടാ ഒരു സീനിന്റെ മുൻപുള്ള സീനും ശേഷമുള്ള സീനും ഏതാണെന്ന് സംവിധായകന് അറിയില്ലെന്ന് പറയുന്നത്. പൃഥ്വിരാജിനും ഞങ്ങള്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.
പൃഥ്വിരാജും ജഗദീഷും ഏറ്റവും ടെൻഷൻ അടിച്ച സീൻ ആയിരുന്നു ജോമോൻ പക്ഷി ശാസ്ത്രക്കാരനായി എത്തിയ സീൻ. ഈ വേഷം ആരാണ് ചെയ്യുന്നതെന്ന് ഇവർക്ക് രണ്ട് പേർക്കും അറിയില്ലായിരുന്നു. ജോമോനാണ് ചെയ്യുന്നതെന്ന് കേട്ടപ്പോള്‍ രാജുവും ജഗദീഷേട്ടനും ഒരുപോലെ സംശയിച്ചു. എന്നാല്‍ എനിക്ക് നല്ല കോണ്‍ഫിഡൻസ് ഉണ്ടായിരുന്നു. ആ സീൻ ഷൂട്ട് ചെയ്യുന്നതിനിടെയുള്ള ബ്രെയ്ക്കില്‍ രാജു പറഞ്ഞു അയാള്‍ കൊള്ളാല്ലോ നന്നായിട്ടുണ്ടെന്ന്.
സിനിമയുടെ റിലീസിനു മുന്നേയും വീണ്ടും വീണ്ടും ചോദിച്ചത് ആ സീൻ വർക്ക് ആവുമോ എന്നായിരുന്നു. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ച സീനില്‍ ഒന്നായിരുന്നു അത്. സിനിമ ഷൂട്ട് ചെയ്ത സമയത്ത് ഏറ്റവും ആവേശം ഉണ്ടായ സീൻ അരവിന്ദിന്റെ സീൻ ആയിരുന്നു. അരവിന്ദ് ലൊക്കേഷനില്‍ വന്നപ്പോള്‍ ആളുകള്‍ ആർപ്പു വിളിച്ച് കൈയടിച്ചു. ശരിക്കും നന്ദനത്തിന്റെ ഒരു വൈബായിരുന്നു അപ്പോള്‍. ഷൂട്ട് കഴിഞ്ഞപ്പോള്‍ അരവിന്ദ് അവസാനം കരഞ്ഞു. ഒരുപക്ഷേ ആ ഗുരുവായൂർ അമ്പലം കണ്ടപ്പോള്‍ പഴയ ഓർമവന്ന് കാണും..’’ വിപിന്‍ദാസ് പറയുന്നു.
സിനിമക്ക് ഇപ്പോള്‍ പലതരം വിമർശനങ്ങള്‍ നേരിടുന്നുണ്ടല്ലോ എന്നതിനെക്കുറിച്ചും സംവിധായകന് മനസ്സു തുറക്കുന്നുണ്ട്. ‘‘ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് സിനിമ കണ്ടോളൂ. രാത്രി ഒറ്റക്ക് ത്രില്ലർ സിനിമ കാണുന്ന പോലെ കണ്ടാല്‍ ഇഷ്ടപ്പെടില്ല....’’ സംവിധായകന് പറയുന്നു.
ജയജയഹേ എന്ന സിനിമയാണ് ഈ സിനിമയ്ക്ക് മുന്‍പ് വിപിൻ ദാസിന്റെ സംവിധാനം ചെയ്തത്. ആ ചിത്രത്തെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു പലരും ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തെ സമീപിച്ചത്. അങ്ങനെ താരതമ്യം ചെയ്താല്‍ ഒരാള്‍ക്ക് പോലും ഈ സിനിമ ആസ്വദിക്കാനാവില്ല.






