
മകൾ അൻഷുല കപൂറിന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര നിർമാതാവ് ബോണി കപൂർ. തന്റെ ദീർഘകാല പങ്കാളിയും തിരക്കഥാകൃത്തുമായ രോഹൻ തക്കറെയാണ് അൻഷുല വിവാഹം ചെയ്തത്. ജൂലൈ ആറിന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. എക്കാലവും നെഞ്ചിലേറ്റുന്ന ഒരു ഓർമ്മ എന്നാണ് മകളുടെ വിവാഹത്തെക്കുറിച്ച് ബോണി കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വിവാഹാഘോഷങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ബോണി കപൂർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മകളുടെ തോളിൽ കൈവെച്ചു നിൽക്കുന്നതും കൈകൾ കോർത്തുപിടിക്കുന്നതുമായ ഹൃദ്യമായ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നു. "എന്റെ മിടുക്കിയായ ബേട്ട അൻഷുല രോഹനെ വിവാഹം കഴിക്കുന്നത് കാണുന്നത് ഞാൻ എക്കാലവും ഓർത്തു വെക്കുന്ന ഒരു ഓർമ്മയായിരിക്കും," എന്നാണ് ചിത്രങ്ങൾക്കൊപ്പം ബോണി കപൂർ കുറിച്ചത്.
ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, ഹേമമാലിനി, അനുപം ഖേർ, ജാവേദ് അക്തർ, അക്ഷയ് ഖന്ന, ബോബി ഡിയോൾ തുടങ്ങിയ പ്രമുഖരും വിവാഹ വിരുന്നിൽ പങ്കെടുത്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് കത്തയച്ചിരുന്നു.
കത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ബോണി കപൂർ നന്ദിയും അറിയിച്ചിരുന്നു.






