
ലുധിയാന : പഞ്ചാബില്‍ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകല്‍ വധശ്രമം . ഗുരുതരമായി പരുക്കേറ്റ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറിനെ ലുധിയാനിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചത് . പാരമ്പര്യ ആയുധവുമായി നീല വസ്ത്രം ധരിച്ച് നടക്കുന്നവരാണ് നിഹാംഗുകള്‍ .
സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ സന്ദീപ് ഥാപ്പറിന് ഗൺമാനെ നൽകിയിരുന്നു. എന്നാൽ സായുധ സംഘം ആക്രമിക്കാനെത്തിയപ്പോൾ ഇയാൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ടു. ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പഞ്ചാബിലെ ലുധിയാന സിവിൽ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. മൂന്ന് അക്രമികളാണ് വാളുമായെത്തിയത്. ഥാപ്പറിനെ ആക്രമിക്കുന്നതിനിടെ ഒരു വാൾ ഒടിഞ്ഞുപോവുകയും വീണ്ടും പുതിയത് ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. സന്ദീപ് കേണപേക്ഷിച്ചെങ്കിലും ഇവർ പിന്മാറിയില്ല. ഇതിന് ശേഷം സന്ദീപിന്റെ സ്കൂട്ടറിൽ കയറിയാണ് ഇവർ രക്ഷപ്പെട്ടത്.






