
എടപ്പാള്‍: ലോഡിറക്കിയതു ചോദ്യംചെയ്യാനെത്തിയ സി.ഐ.ടി.യു. തൊഴിലാളികളെ കണ്ട് ഭയന്നോടിയ യുവാവിന് കെട്ടിടത്തില്‍നിന്നു വീണ് ഗുരുതര പരുക്ക്. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനാണു (23) പരുക്കേറ്റത്.
ഇരുകാലുകളും ഒടിഞ്ഞ ഫയാസിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ എടപ്പാള്‍ പട്ടാമ്പി റോഡിലാണു സംഭവം. നിര്‍മാണം പുരോഗമിക്കുന്ന സ്വകാര്യ കെട്ടിടത്തിനുവേണ്ടി കൊണ്ടുവന്ന സാധനങ്ങള്‍ ചുമട്ടുതൊഴിലാളികളെ അറിയിക്കാതെ നിര്‍മാണത്തൊഴിലാളികള്‍ തന്നെ ഇറക്കിയതാണു സംഭവത്തിന്റെ തുടക്കം. വിവരമറിഞ്ഞെത്തിയ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികള്‍ പ്രകോപിതരായതോടെ സാധനമിറക്കിയ യുവാക്കള്‍ ഓടിപ്പോയി.
സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസും രംഗം ശാന്തമാക്കി മടങ്ങി. എന്നാല്‍ മുകളിലേക്ക് ഓടിക്കയറിയ യുവാവ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്കു വീണ് പരുക്കേറ്റതായി പിന്നീടാണറിയുന്നത്. ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇയാളുടെ ഇരുകാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.






