
ഇന്റര്‍നെറ്റ് കഫേയിലെത്തിയ ഉപഭോക്താവ് മരണപ്പെട്ടത് അറിയാതെ കഫേ ജീവനക്കാര്‍. ചൈനയിലാണ് സംഭവം. നീണ്ട 30 മണിക്കൂറോളമാണ് കഫേയില്‍ ഒരു ഉപഭോക്താവ് ജീവനില്ലാതെ കിടന്നത്. ഒരു നീണ്ട ഗെയിമിംഗ് സെഷനില്‍ ചെക്ക് ഇന്‍ ചെയ്തിരുന്ന ഇദ്ദേഹം ഗെയിമിംഗില്‍ ആണെന്നാണ് ജീവനക്കാര്‍ കരുതിയത്. എന്നാല്‍, രാത്രി 10 മണിയോടെ ഇയാള്‍ക്കരികിലെത്തിയ ജീവനക്കാരനാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ഇയാള്‍ ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാരന് ഇയാളെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരത്തിന് അസാധാരണമാംവിധം തണുപ്പ് അനുഭവപ്പെട്ടതോടെ ഭയന്നുപോയ ജീവനക്കാരന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാള്‍ മരിച്ചു കിടക്കുകയാണെന്ന് സ്ഥിരീകരിച്ചത്. സെജിയാങ് പ്രവിശ്യയിലെ വെന്‍ഷുവിലാണ് ഈ വിചിത്ര സംഭവം. 29 -കാരനായ യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഫേയിലെ സ്ഥിരം ഉപഭോക്താവായിരുന്ന ഇയാള്‍ ഉറങ്ങുകയായിരിക്കും എന്നാണ് ജീവനക്കാര്‍ കരുതിയത്. 6 മണിക്കൂര്‍ വരെ പതിവായി ഇയാള്‍ ഗെയിമിംഗ് നടത്തുമായിരുന്നു എന്നാണ് കഫേ ഉടമ പറയുന്നത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 2 -ന് രാവിലെ 6 മണിക്ക് ഇയാള്‍ പ്രഭാതഭക്ഷം കഴിക്കുന്നതിനായി തന്റെ ഗെയിമിംഗ് സെഷന് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. മേശപ്പുറത്ത് പ്രഭാതഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. ഇയാള്‍ അന്നേദിവസം ഉച്ചഭക്ഷണം കഴിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ തെളിവുകള്‍ സൂചിപ്പിക്കുന്നത് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് മരണം സംഭവിച്ചതാകാം എന്നുമാണ്.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. ചൈനയിലെ വാങ്ബ എന്ന് വിളിക്കുന്ന ഇന്റര്‍നെറ്റ് കഫേകള്‍ ഇന്ത്യയിലെ കഫേകളില്‍ നിന്ന് വ്യത്യസ്തമാണ്. ഗെയിമിംഗ് കമ്മ്യൂണിറ്റിയുടെ ഒരു കേന്ദ്രമാണ് വാങ്ബ. മിക്ക വാങ്ബ സ്ഥാപനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്.






