
തൃശൂര്‍: തൃശൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നപ്പോഴും ജയിച്ച് കേന്ദ്രമന്ത്രിയായശേഷവും സുരേഷ് ഗോപിയെ പുകഴ്ത്തുന്ന എം.കെ. വര്‍ഗീസിനെ മേയര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.ഐ. പരസ്യമായി രംഗത്ത്. വര്‍ഗീസ് രാജിവച്ച് മുന്നണി ധാരണപ്രകാരം മേയര്‍ സ്ഥാനം സി.പി.ഐക്കു കൈമാറണമെന്നു ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണു വത്സരാജിന്റെ പ്രതികരണമെന്നതു ശ്രദ്ധേയമായി.
എന്നാല്‍ മേയര്‍ എം.കെ. വര്‍ഗീസ് സ്വയം സ്ഥാനമൊഴിയണമെന്നത് സി.പി.ഐ യുടെ മാത്രം നിലപാടാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നും രാഷ്ട്രീയമായി അതിനെ ബന്ധപ്പെടുത്തേണ്ടെന്നും മേയര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി അതിനെ സംബന്ധിച്ച് താനൊരു പ്രതികരണം നടത്തുന്നത് ഉചിതമാകില്ലെന്നും വര്‍ഗീസ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ വി.എസ്. സുനില്‍കുമാറിനെതിരേ മത്സരിച്ച സുരേഷ് ഗോപിയെ, തൃശൂരിന് ഫിറ്റായ സ്ഥാനാര്ഥിയെന്നാണു മേയര്‍ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ സുനില്‍കുമാര്‍ തോറ്റതോടെ മേയറോടുള്ള സി.പി.ഐയുടെ വിരോധം വര്‍ധിച്ചു. മേയറുടെ നിലപാട് തെരഞ്ഞെടുപ്പില്‍ ഗുണകരമായെന്ന ബി.ജെ.പിയുടെ പ്രതികരണം എരിതീയില്‍ എണ്ണയൊഴിച്ചു. ഇതോടെ സി.പി.ഐ. പരാതിയുമായി സി.പി.എമ്മിനെ സമീപിച്ചു.
സി.പി.എമ്മില്‍ ഒരുവിഭാഗം മേയറെ സംരക്ഷിക്കുന്ന നിലപാടെടുത്തെങ്കിലും കഴിഞ്ഞദിവസം തൃശൂരില്‍ നടന്ന ചടങ്ങില്‍ മേയറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പരസ്പരം പുകഴ്ത്തിയതോടെ എല്‍.ഡി.എഫില്‍ പ്രതിസന്ധി കനത്തു. മേയര്‍ക്കെതിരേ സി.പി.എമ്മിലും അതൃപ്തി ശക്തമായതോടെയാണു കൂടിയാലോചനയ്ക്കുശേഷം പരസ്യപ്രതികരണത്തിനു സി.പി.ഐ. തയാറായത്.





