
ഈ ലോകത്ത് പ്രണയം എന്ന വികാരം തോന്നാത്തതായി ആരും തന്നെ ഉണ്ടാകില്ല. ഇക്കൂട്ടത്തില്‍ പരസ്പര പ്രണയത്തിലൂടെ ജീവിതത്തില്‍ ഒന്നിച്ചവരും, പ്രണയ നഷ്ടം സംഭവിച്ചവരും, പ്രണയം പറയാന്‍ മറന്നവരും ഒക്കെയുണ്ട്. എങ്കിലും ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ജീവിതം പങ്കിടുക എന്നത് തീര്‍ത്തും മനോഹരമായ അനുഭവം തന്നെയാണ്. അതുകൊണ്ട് തന്നെ പ്രണയം മൂടിവയ്ക്കാതെ അത് തോന്നുന്ന ആളോട് തുറന്നുപറയുകയാണ് നല്ലത്. ഇത്തരത്തില്‍ സ്‌നേഹിക്കുന്നവരോട് ആ സ്‌നേഹം തുറന്ന് പറയാന്‍ പല വഴികളും തേടുന്നവരുണ്ട്. ഈഫല്‍ ടവറിന് മുന്നില്‍ നിന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുന്നവര്‍ മുതല്‍ ഒരു റോസാപ്പൂവില്‍ കാര്യം തീര്‍ക്കുന്നവര്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഏതായാലും ആ കടമ്പ കടന്നു കിട്ടുക എന്നത് പ്രണയിതാക്കളുടെ ജീവിതത്തിലെ ഒരു ഒരു പ്രധാന ഘട്ടമാണ്.
ഇപ്പോഴിതാ അത്തരത്തിലൊരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
വളരെ വ്യത്യസ്തവും സര്‍പ്രൈസുകള്‍ നിറഞ്ഞതുമായ രീതിയില്‍ ഒരു യുവാവ് തന്റെ പ്രണയിനിക്ക് മുമ്പില്‍ പ്രണയം വെളിപ്പെടുത്തുന്നതും യുവതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പെട്ടെന്നുള്ള പ്രതികരണവുമാണ് ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോയില്‍ എല്ലാവരുടെയും ഹൃദയം കീഴടക്കിയത് കാമുകനാണ്. പാരീസില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലാണ് ഈ പ്രണയഭ്യര്‍ത്ഥന നടക്കുന്നത്. ആളുകള്‍ക്കിടയില്‍ നിന്ന് തന്റെ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഒരു യുവതിയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുക. പെട്ടെന്ന് അവിടേക്ക് ചുവപ്പ് നിറമുള്ള കോട്ട് ധരിച്ച് ഒരു യുവാവ് കടന്നുവരുന്നു. തുടര്‍ന്ന് അയാള്‍ യുവതിക്ക് പിന്നിലായി മുട്ടുകുത്തി നിന്ന് അവള്‍ക്കായി ഒരു മോതിരം നീട്ടിക്കൊണ്ട് തന്റെ പ്രണയം പറയാന്‍ ഒരുങ്ങുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന മുഴുവന്‍ ആളുകളും കൈയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു. ഇത് കേട്ട്, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ യുവതി പെട്ടെന്ന് തിരിയുന്നു. തന്റെ മുന്നിലായി നില്‍ക്കുന്ന യുവാവിനെ കണ്ടതും അവള്‍ അമ്പരക്കുന്നു.
അല്പ സമയം എന്തുചെയ്യണമെന്ന് അറിയാതെ നിശ്ചലമായെങ്കിലും തൊട്ടടുത്ത നിമിഷത്തില്‍ അവള്‍ അവിടെ നിന്നും ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഇതോടെ നിരാശനായ യുവാവ് നിലത്തേക്ക് തലതാഴ്ത്തി ഇരിക്കുന്നതും കരയുന്നതും വീഡിയോയിലുണ്ട്. യുവതിയുടെ പ്രതികരണത്തില്‍ അമ്പരന്ന അവിടെയുണ്ടായിരുന്ന മറ്റ് കാഴ്ചകാര്‍ യുവാവിനെ ആശ്വസിപ്പിക്കുന്നതിനായി കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. ഉടന്‍തന്നെ ആ യുവാവിന്റെ സുഹൃത്തുക്കളില്‍ ഏതാനും പേര്‍ വന്ന് അയാളെ ആശ്വസിപ്പിച്ചുകൊണ്ട് അവിടെ നിന്നും കൂട്ടിക്കൊണ്ടു പോകുന്നു. @PublicProposal എന്ന പേജാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് യുവാവിനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയത്.






