
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു സൈന്യം ഗോലി-ഗാഡി വനമേഖല വളഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണു ഭീകരവിരുദ്ധപോരാട്ടം 200 കിലോമീറ്റര്‍ അകലെ ദോഡ ജില്ലയിലേക്കും വ്യാപിപ്പിച്ചത്.
കത്വ ആക്രമണത്തില്‍ പങ്കുള്ള ഭീകരരാണു ദോഡ ജില്ലയിലെ വനത്തില്‍ ഒളിച്ചിരിക്കുന്നതെന്നു സൈന്യം വ്യക്തമാക്കി. സൈന്യത്തിനുനേരേ 48 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു കത്വയിലേത്. കഴിഞ്ഞ ഞായറാഴ്ച രജൗരിയിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണനീക്കം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരുക്കേല്‍ക്കുകയും ചെയ്തു.
വനം കേന്ദ്രീകരിച്ചുള്ള ഒളിപ്പോരാട്ടപരിശീലനം ലഭിച്ച അറുപതിലേറെ പാക് ഭീകരര്‍ ജമ്മു മേഖലയില്‍ മാത്രം നുഴഞ്ഞുകയറിയിട്ടുള്ളതായാണു രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. മേഖലയിലെ 10 ജില്ലകളും ഭീകരാക്രമണനിഴലിലാണ്. താരതമ്യേന ശാന്തമായിരുന്ന ജമ്മു മേഖലയില്‍ കഴിഞ്ഞ 32 മാസത്തിനിടെ 44 സൈനികരാണു ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.
മിക്ക സംഭവങ്ങളിലും ഭീകരര്‍ രക്ഷപ്പെട്ടെന്നത് ഇവര്‍ക്കു ലഭിച്ച വിദഗ്ധപരിശീലനം വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ ഭീകരവിരുദ്ധപോരാട്ടം അവസാനഘട്ടത്തിലാണെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ഭീകരരുടെ അവശേഷിക്കുന്ന ശൃംഖല തകര്‍ക്കാന്‍ ബഹുമുഖതന്ത്രമാണു സൈന്യം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.






