
മ്യൂണിക്: വിവാദങ്ങളെയെല്ലാം കാറ്റില്‍പറത്തി ഇംഗ്ളണ്ട് തുടര്‍ച്ചയായി രണ്ടാം തവണയും യൂറോപ്യന്‍ കപ്പിന്റെ ഫൈനലില്‍. നിര്‍ണ്ണായകമായ സെമിഫൈനലില്‍ ഹോളണ്ടിനെ 2-1 ന് മറികടന്നായിരുന്നു ഇംഗ്ളണ്ട് കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. ഇംഗ്ളണ്ടിനായി ഹാരി കെയ്നും വാറ്റ്കിന്സണും ഗോള്‍ നേടിയപ്പോള്‍ ഹോളണ്ടിന്റെ ആദ്യഗോള്‍ സാവി സൈമണ്‍സും നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇംഗ്ണ്ട് യൂറോകപ്പില്‍ ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ കിരീടം നേടുകയാണ് ഇത്തവണത്തെ ലക്ഷ്യം.
കളിയില്‍ ആദ്യം മുന്നിലെത്തിയത് ഹോളണ്ടായിരുന്നു സാവി സൈമണ്‍സ് ഇംഗ്ളണ്ടിന്റെ റൈസില്‍ നിന്ന് കിട്ടിയ പന്തുമായി മധ്യഭാഗത്തേക്ക് ഡ്രിബിള്‍ ചെയ്തു കയറി ദൂരെ നിന്ന് ഒരു ഷോട്ട് എടുത്ത് പന്ത് വലയുടെ ഇടത് മൂലയിലേക്ക് പറത്തി. എന്നാല്‍ ഈ ലീഡിന് 18 വയസ്സ് വരെയെ ആയുസുണ്ടായിരുന്നുള്ളു. ബോക്സില്‍ ഡംഫ്രി ഇംഗ്ളണ്ടിന്റെ ഹാരികെയ്നെ വീഴ്ത്തി. സാക എടുത്ത ഷോട്ട് പ്രതിരോധക്കാരന്റെ ദേഹത്ത് തട്ടി വന്നത് കെയ്നിന്റെ കാലുകളിലേക്കായിരുന്നു. അദ്ദേഹത്തിന്റെ അടി പോസ്റ്റിന് മുകളിലൂടെ പോയി. എന്നാല്‍ വാറില്‍ പരിശോധന നടത്തിയ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കെയ്ന്‍ പെനാല്‍റ്റി ഗോളാക്കി. 35 ാം മിനിറ്റില്‍ മുന്നേറ്റക്കാരന് മെംഫിസി ഡിപേ യ്ക്ക് പരിക്കേറ്റത് ഹോളണ്ടിന്റെ കളിയെ ബാധിച്ചു. പകരം ജോയി വീര്മാന് വന്നിട്ടും രക്ഷയുണ്ടായില്ല. നിരന്തരം ആക്രമിച്ചു കളിച്ച ഇംഗ്ളണ്ട് ഒടുവില്‍ ഇഞ്ചുറി സമയത്ത് രണ്ടാമത്തെ ഗോളും കണ്ടെത്തി. വാറ്റ്കിന്സണായിരുന്നു സ്കോറര്‍. ഇതോടെ ഇംഗ്ളണ്ട് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
2020 യൂറോയിലും ഹാരി കെയ്ന്റെ ടീം ഫൈനലില്‍ കടന്നിരുന്നെങ്കിലും ഇറ്റലിയോട് തോറ്റ് കിരീടം കൈവിടുകയായിരുന്നു. ഇത്തവണ ഫൈനലില്‍ ഇംഗ്ളണ്ടിന്റെ എതിരാളികളാകുക കരുത്തരായ സ്പെയിനാണ്. ഇത് മൂന്നാം തവണയാണ് ഇംഗ്ളണ്ടും സ്പെയിനും നേര്‍ക്കുനേര്‍ വരുന്നത്. മുമ്പ് രണ്ടു തവണ കളിച്ചപ്പോഴും വിജയം ഇംഗ്ളണ്ടിനൊപ്പമായിരുന്നു. യൂറോപ്യന്‍ കപ്പില്‍ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയത് 1980 ല്‍ നേപ്പിള്‍സില്‍ ആയിരുന്നു. അന്ന് സ്പെയിനെ 2-1 ന് ഇംഗ്ളണ്ട് തോല്‍പ്പിച്ചിരുന്നു. പിന്നീട് 1996 ല്‍ പ്രീക്വാര്‍ട്ടറില്‍ ഇരുടീമും വെബ്ളിയില് ഏറ്റുമുട്ടിരുന്നു. ഗോള്‍രഹിത സമനില വന്ന മത്സരത്തില്‍ പെനാല്‍റ്റിയില്‍ ഇംഗ്ളണ്ട് സ്പെയിനെ വീഴ്ത്തി.
അതേസമയം 1950 ല്‍ സ്പെയിനും ഇംഗ്ളണ്ടും ലോകകപ്പില്‍ റിയോ ഡി ജനീറോയില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം 1-0 ന് സ്പെയിനൊപ്പം നിന്നു. 2018 നാഷണല്‍ ലീഗിലും സ്പെയിനെ 3-2 ന് തോല്‍പ്പിച്ച ചരിത്രം ഇംഗ്ളണ്ടിനുണ്ട്. അതേസമയം വമ്പന്മാരെ തകര്‍ത്തുകൊണ്ട് യൂറോകപ്പില്‍ മുമ്പോട്ട് പോയ സ്പെയിനെ കലാശപ്പോരില്‍ ഇംഗ്ളണ്ടിന് മറികടക്കണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ഗ്രൂപ്പ ഘട്ടത്തില്‍ ക്രൊയേഷ്യയെയും യൂറോപ്യന്‍ ചാംപ്യന്മാരായ ഇറ്റലിയെയും ക്വാര്‍ട്ടറില്‍ ജര്‍മ്മനിയെയും തകര്‍ത്താണ് സ്പെയിന്റെ വരവ്. ടൂര്‍ണമെന്റില്‍ ഉടനീളം അവര്‍ 13 ഗോളുകളാണ് എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയത്. 1964,2008,2012 എന്നീ വര്‍ഷങ്ങളില്‍ കിരീടം നേടിയ സ്പെയിന് നാലാം കിരീടത്തിനായിട്ടാണ് കളത്തിലിറങ്ങുന്നത്.




