
തിരുവനന്തപുരം: ആഗോളവ്യാപാരമേഖലയ്ക്ക് ഇന്ത്യയിലേക്കു നേര്‍വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ് അണഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്ത് അവകാശത്തര്‍ക്കത്തിന്റെ കടല്‍ക്ഷോഭം. പിണറായി വിജയനേയും ഉമ്മന്‍ചാണ്ടിയേയും പദ്ധതിയുടെ പിതാവായി ചിത്രീകരിച്ച് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പരസ്യയുദ്ധം. രണ്ടുപേരുടെയും ഫ്ളക്സുകള്‍ ഉയര്‍ന്നു.
'വിജയവഴി വിഴിഞ്ഞം' എന്ന സിപിഐഎം പരസ്യവാചകത്തെ 'ഉമ്മന്‍ചാണ്ടിയെ മറക്കരുത്' എന്ന് ഫ്ളക്സ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചിരിക്കുന്നത്. വാഹനഗതാഗതത്തിന് പോലും തടസ്സമുണ്ടാക്കുന്ന രീതിയിലാണ് ഫ്ളക്സ്ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. അതേസമയം വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളും ചേര്‍ന്ന് ഇന്ന് സ്വീകരിക്കുകയും തുറമുഖത്തിലെ യാര്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്വഹിക്കാനുമിരിക്കുകയാണ്.
'സ്വപ്നം തീരമണയുന്നു' എന്ന കുറിപ്പോടെയാണ് ആദ്യ മദര്‍ഷിപ്പിന്റെ വരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്തോഷം പങ്കിട്ടത്. ഇന്നലെ സാന്‍ ഫെര്‍ണാണ്ടൊ എന്ന കപ്പലില്‍ നിന്നും കണ്ടെയ്നര്‍ ഇറക്കിത്തുടങ്ങിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണം. എന്നാല്‍ പ്രതിപക്ഷ നേതാവിനെ സ്വീകരണചടങ്ങിലേക്ക് ക്ഷണിക്കാത്തത് വലിയ വിമര്‍ശനമായി മാറിയിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം. വിഴിഞ്ഞം തുറമുഖം യു.ഡി.എഫ്. സര്‍ക്കാരിന്റെ കുഞ്ഞാണെന്നും യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും സതീശന് അവകാശപ്പെട്ടു.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണു വിഴിഞ്ഞം തുറമുഖമെന്ന് ഇന്നലെ വി.ഡി. സതീശന് പറഞ്ഞിരുന്നു. അന്ന് 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതി ആരോപിച്ചയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ''കടല്‍ക്കൊള്ള''യെന്നാണു സി.പി.എം. മുഖപത്രം വിശേഷിപ്പിച്ചതെന്നും ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരുമുണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു.
പക്ഷേ വിഴിഞ്ഞം ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎല്‍എ എന്‍ വിന്‍സന്റ് ചടങ്ങില്‍ പങ്കെടുക്കും. ആദ്യ കപ്പലിലെ ക്യാപ്റ്റന്‍ മുഖ്യമന്ത്രി ഉപഹാരം നല്‍കും. ഇന്ന് വൈകിട്ടോടെ സാന്‍ ഫെര്‍ണാന്‍ഡോ യൂറോപ്പിലേക്ക് തിരിക്കും.






