
ന്യൂഡല്‍ഹി: തന്നെ കാണാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡുമായി വരണമെന്ന പുതിയ ബിജെപി എംപിയും നടിയുമായ കങ്കണാ റാണത്തിന്റെ പുതിയ നിര്‍ദേശം വിവാദമാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ജയിച്ചയാളാണ് കങ്കണ റാണത്ത്. നടിയുടെ പുതിയ നിലപാടിനെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്നും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം കടലാസില്‍ എഴുതിക്കൊടുക്കേണ്ടി വരുമെന്നും വാര്‍ത്തസമ്മേളനത്തിലാണ് കങ്കണ പറഞ്ഞത്. തന്നെ കാണാന്‍ വരുന്നവര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ രീതിയെന്നും അവര്‍ പറഞ്ഞു. ''ഹിമാചല്‍ പ്രദേശ് വിനോദസഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നു, അതിനാല്‍ മാണ്ഡി പ്രദേശത്ത് നിന്ന് ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടിവരാതിരിക്കാന്‍ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട നിങ്ങളുടെ ജോലികളും കത്തില്‍ എഴുതണം.'' അവര്‍ പറഞ്ഞു.
ഹിമാചലിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് തന്നെ കാണണമെങ്കില്‍ മണാലിയിലെ തന്റെ വീട് സന്ദര്‍ശിക്കാമെന്നും മാണ്ഡിയിലുള്ളവര്‍ക്ക് നഗരത്തിലെ തന്റെ ഓഫീസ് സന്ദര്‍ശിക്കാമെന്നും ജോലിയുമായി ബന്ധപ്പെട്ട് നേരിട്ടു കാണുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.
എംപിയുടെ പുതിയ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിന്റെ രോഷത്തിന് കാരണമായിട്ടുണ്ട്. തന്നെ കാണാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരേണ്ടതില്ലെന്നായിരുന്നു കങ്കണ റണാവത്തിനോട് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗിന്റെ പ്രതികരണം.
'ഞങ്ങള്‍ ജനപ്രതിനിധികളാണ്. ചെറിയ ജോലിയായാലും വലിയ ജോലിയായാലും നയപരമായ കാര്യമായാലും വ്യക്തിപരമായ ജോലിയായാലും സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു മീറ്റിംഗിനായി അവരുടെ പേപ്പറുകള്‍ കൊണ്ടുവരാന്‍ ആളുകളോട് ആവശ്യപ്പെടുന്നത് ശരിയല്ല. അത് അതിന് ഒരു വ്യക്തിത്വവും ആവശ്യമില്ല.'' സംസ്ഥാന പൊതുമരാമത്ത് മന്ത്രി കൂടിയായ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.






