
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ നടക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഗണിച്ചെന്ന ആക്ഷേപം രൂക്ഷമാക്കുകയാണ് കോണ്‍ഗ്രസ്. വിഴിഞ്ഞം യു.ഡി.എഫ്. സര്‍ക്കാരിന്റെ കുഞ്ഞാണെന്നും യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും അന്ന് കടല്‍ക്കൊള്ളയാണെന്ന് പരിഹസിച്ചവരാണ് സിപിഎം എന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞതിന് പിന്നാലെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.
സംസ്ഥാനത്തിന്റെ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പിലാക്കിയിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ കര്‍ശനമായി പറയുന്നതിന്റെ വീഡിയോയാണിത്. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഴിഞ്ഞംപദ്ധതി നടപ്പിലാക്കിയിരിക്കും. യാതെരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശവും പറഞ്ഞോളൂ. ഏത് നിര്‍ദേശവും വെച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയ്യാറാണ്. അഴിമതി ആരോപണം ഉന്നയിച്ചു ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല എന്ന് പറയാന്‍ ആഗ്രഹിക്കുകയാണ് എന്നാണ് ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഞ്ഞാണ് വിഴിഞ്ഞം. അന്ന് 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതി ആരോപിച്ചയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ''കടല്‍ക്കൊള്ള''യെന്നാണു സി.പി.എം. മുഖപത്രം വിശേഷിപ്പിച്ചത്. ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരുമുണ്ട്. എന്നായിരുന്നു ഇന്നലെ വി.ഡി. സതീശന് പരിഹസിച്ചത്. 2015 ഡിസംബര്‍ 5 നായിരുന്നു ഉമ്മന്‍ചാണ്ടി തുറമുഖത്തിന് തറക്കല്ലിട്ടത്. പിന്നീട് പിണറായി വിജയന് സര്‍ക്കാരും പദ്ധതിയുമായി മുമ്പോട്ട് പോയതോടെയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത്.






