
മ്യൂണിക്: തുടര്‍ച്ചയായി രണ്ടാം തവണയും കപ്പ് നേടാനുള്ള ഇംഗ്ളണ്ടിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്കി സ്പെയിന് യൂറോ 2024 ചാംപ്യന്‍ഷിപ്പില്‍ കപ്പില്‍ മുത്തമിട്ടു. 2020 ലെ തോല്‍വിക്ക് പിന്നാലെ നായകന് ഹാരി കെയ്നും പരിശീലകന് ഗെരത് സൗത്ത്ഗേറ്റിനും ഇത് രണ്ടാം തവണയാണ് കപ്പിനും ചുണ്ടിനുമിടിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയത്. സ്പെയിന് 2-1 നായിരുന്നു ഫൈനലില്‍ ഇംഗ്ളണ്ടിനെ വീഴ്ത്തിയത്.
ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായിരുന്ന സ്പെയിന് ഒരു കളി പോലും തോല്‍ക്കാതെ ഒരു മത്സരം പോലും ഷൂട്ടൗട്ടില്‍ എത്തിക്കാതെയും കിരീടവുമായി പോയി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ ഇംഗ്ളണ്ട് തോല്‍ക്കുന്നത്. 2020 അവര്‍ ഇറ്റലിയോട് തോറ്റിരുന്നു. സ്പെയിന് വേണ്ടി നിക്കോ വില്യംസും മികേല്‍ ഒയാര്‍സബലും ആയിരുന്നു ഗോള്നേട്ടമുണ്ടാക്കിയത്. കോള്‍ പാല്‍മറിലൂടെ ഇംഗ്ളണ്ട് ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നുഗോളുകളും വന്നത്. 47 ാംമിനിറ്റില്‍ നിക്കോ വില്യംസ് ടീമിനെ ആദ്യം മുന്നിലെത്തിച്ചിരുന്നു. യമല്‍-വില്യംസ് കോംബോ ലാ റോജയ്ക്ക് ലീഡ് നല്കി. നിരാശാജനകമായ ആദ്യ പകുതിക്ക് ശേഷം യമല്‍ വീണ്ടും ഫുട്ബോള്‍ മൈതാനത്തെ പ്രകാശിപ്പിച്ചു. ഇംഗ്ലീഷ് പ്രതിരോധത്തിലേക്ക് തുളച്ചുകയറി അദ്ദേഹം നല്കിയ പന്ത് വില്യംസിന് വലയില്‍ എത്തിക്കാന്‍ ആവശ്യത്തിന് സ്പേസ് ഉണ്ടായിരുന്നു.
രണ്ടാംപകുതി 73 മിനിറ്റ് പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് ഒപ്പമെത്തി. പാല്‍മര്‍ ഹീറോയായി മാറി. ബോക്സിനുള്ളില്‍ ബെല്ലിംഗ്ഹാമില്‍ നിന്നും പന്ത് പിടിച്ചെടുത്ത സാക്ക പന്തെടുത്ത് ബോക്സിലേക്ക് ഓടിക്കയറിയ പാമറിന് നല്കി. ബോക്സിന്റെ അരികില്‍ നിന്ന് എടുത്ത ഫസ്റ്റ് ടച്ച് തന്നെ മനോഹരമായ ഒരു സ്ട്രൈക്കിലൂടെ വലയുടെ ഇടത് മൂലയില്‍ നിക്ഷേപിച്ചു. എന്നാല്‍ ഈ ഗോളിന്റെ ആഹ്ളാദത്തിന് 13 മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 86 ാം മിനിറ്റില്‍ ഇംഗ്ളണ്ടിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് ഒയാഴ്സബല് വഴി സ്പെയിന്റെ വിജയഗോള്‍ വന്നു. സ്പാനിഷ് നിരയുടെ ഒരു ആസൂത്രിത നീക്കത്തിനൊടുവില്‍ ഇടത് വിംഗില്‍ കുതിച്ചുവന്ന കുക്കുറെല്ലയിലേക്ക് പന്തു വന്നു. ഓടിയെത്തിയ അദ്ദേഹം തന്റെ ആദ്യ ശ്രമത്തില്‍ തന്നെ അത് ബോക്സിലേക്ക് നല്കി. ഗോളിയെ മറികടന്ന ഒയാര്സബാലിന് പന്തില്‍ സ്പര്‍ശിച്ചാല്‍ മാത്രം മതിയായിരുന്നു.
സ്പെയിന്റെ റോഡ്രി പ്ളേയര്‍ ഓഫ് ദി ടൂര്ണമെന്റായപ്പോള് 17 കാരന് യമാല്‍ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി. ഡാനി ഒല്‍മോ മൂന്ന് ഗോള്‍നേടി ഇംഗ്ളീഷ് നായകന് കീനുമായി ഗോള്‍ഡന്‍ബൂട്ട് പങ്കുവെച്ചു. ഇത് നാലാം തവണയാണ് സ്പെയിന് യൂറോ ചാംപ്യന്മാരായി മാറുന്നത്.






