
തിരുവനന്തപരും: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മരിച്ചനിലയില്‍ കണ്ടെത്തിയ ജോയിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്ക്കാരം വൈകിട്ട് മൂന്ന് മണിക്ക് നടത്തും. നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനം എടുക്കും. ശനിയാഴ്ച 11 മണിക്ക് കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത് മൂന്നു പേരാണ്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. ഒരാള്‍പൊക്കത്തിലുള്ള മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങി ജോയിയെ തിരയുകയെന്നത് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായിരുന്നു. സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് ബുധനാഴ്ച മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശ്രമങ്ങള്‍ വിഫലമാക്കി 46 മണിക്കൂറിലേറെ നീണ്ട തെരച്ചിലിനു ശേഷം കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ ഹര്‍ജി സ്വീകരിച്ചു. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന് ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന് തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സാധ്യമായതെല്ലാം ചെയ്തിട്ടും ജീവന് രക്ഷിക്കാനായില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു. ജോയിയുടെ മരണത്തിന് ഉത്തരാവാദി റെയില്വേയാണെന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം. ട്രാക്കുകള്‍ക്ക് ഇടയിലൂടെയാണ് ആമയിഴഞ്ചാന്‍ തോടെന്നും അവിടെ ഒരു പണിയും ചെയ്യാന്‍ റെയില്‍വേ സമ്മതിക്കില്ലെന്നും മന്ത്രി ആരോപിച്ചു. താന്‍ മേയറായിരുന്ന കാലത്ത് 1995 ല്‍ ശ്രമിച്ചതാണ് എന്നാല്‍ റെയില്‍വേ അന്ന് സമ്മതിച്ചില്ലെന്നും പറഞ്ഞു. ട്രെയിനില്‍ നിന്നുള്ള എല്ലാ മാലിന്യങ്ങളും തള്ളുന്നത് ആമയിഴഞ്ചാന്‍ തോട്ടിലാണെന്നും പറഞ്ഞു.






