
ജീവന് നിലനിര്‍ത്തുന്നതുപോലെ തന്നെ വെള്ളം പലപ്പോഴും ജീവന് അപഹരിക്കാറുമുണ്ട്. കാരണം നദികളും സമുദ്രങ്ങളും വെള്ളക്കെട്ടുകളും ഒക്കെയായി ബന്ധപ്പെട്ട് മനുഷ്യന് നേരിട്ടിട്ടുള്ള ദുരന്തങ്ങള്‍ അനവധിയാണ്. വെള്ളത്തിന്റെ പ്രവചനാതീതമായ സ്വഭാവം തന്നെയാണ് ഇത്തരം ദുരന്തങ്ങള്‍ക്കെല്ലാം പിന്നിലെ പ്രധാന കാരണം. ശാന്തമായൊഴുകുന്ന പുഴ പോലും തീര്‍ത്തും അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ ഉഗ്രകോപിയായി മാറിയേക്കാം.
എന്നാല്‍, സമുദ്രങ്ങളോട് ചേര്‍ന്നാണെങ്കിലും ഇത്തരത്തില്‍ അപകടകാരികളായി മാറുന്ന ബീച്ചുകളെക്കുറിച്ച് നാം അധികം കേട്ടിട്ടുണ്ടാകില്ല. പക്ഷേ, ഇതിന് വിപരീതമായി ആളെ അപായപ്പെടുത്തുന്ന ഒരു ബീച്ച് ഫ്ലോറിഡയില്‍ ഉണ്ട്. അമേരിക്കയിലെ ഏറ്റവും അപകടം പിടിച്ച ബീച്ചായാണ് ഇത് അറിയപ്പെടുന്നത്. ഫ്ലോറിഡയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ന്യൂ സ്മിര്‍ണ ബീച്ചാണ് അപകടങ്ങള്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന ആ ബീച്ച്.
ഡെയ്ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ എണ്ണം കണക്കിലെടുത്ത് സ്മിര്‍ണ ബീച്ചിനെ 'അമേരിക്കയിലെ ഏറ്റവും അപകടകരമായ ബീച്ച്' എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രകൃതി രമണീയത കൊണ്ട് സമ്പന്നമാണ് ഈ ബീച്ചെങ്കിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അസുഖകരമായ മരണങ്ങളുടെ എണ്ണം ആരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്.
അമേരിക്കയിലെ ഏറ്റവും അപകടം പിടിച്ച 10 ബീച്ചുകളുടെ പട്ടികയിലാണ് സ്മിര്‍ണ ബീച്ച് ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ പതിയിരിക്കുന്ന അപകടങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടവ പ്രവചനാതീതമായ ചുഴലിക്കാറ്റുകള്‍, സ്രാവുകളുടെ ആക്രമണം, സര്ഫിംഗിലെ ബുദ്ധിമുട്ടുകള്‍ എന്നിവയാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങളില്‍ ഈ മൂന്നു കാരണങ്ങളാല്‍ മരിച്ചവരാണ് കൂടുതല്‍. ബീച്ചില്‍ ഇതുവരെ 185 സ്രാവ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






