
ഒരു സമയത്ത് ഏറെ നിരൂപകശ്രദ്ധ നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു സിനിമയായിരുന്നു 2003 ല്‍ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് : ഒരു വിലാപം. ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്നങ്ങളായിരുന്നു ആ സിനിമയില്‍. ചിത്രത്തില്‍ ഇർഷാദും മീര ജാസ്മിനുമായിരുന്നു നായകനും നായികയും. മീരയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അംഗീകാരവും സംസ്ഥാന പുരസ്കാരവും ഷാഹിന എന്ന കഥാപാത്രം നേടിക്കൊടുത്തു. ഇർഷാദിന്റെ അഭിനയജീവിതത്തിലും ഏറെ വഴിത്തിരിവായ കഥാപാത്രമായി റസാഖ് മാറി.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിടുകയാണ് ഇര്‍ഷാദ്. മീര ജാസ്മിനൊപ്പമുള്ള പുതിയ ചിത്രത്തിനൊപ്പം ഇർഷാദ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ‘‘പാഠം രണ്ട് ഒരു സല്ലാപം...രണ്ടു ദശാബ്ദങ്ങൾ നമ്മെ കടന്നുപോയി....അഭ്രപാളി തന്നെയും
അടർന്നു പോയ്.... ലോകം വിരൽത്തുമ്പു വട്ടത്തിലേക്ക് ചെറുതായിട്ടും നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല... ഒരു വേള ഓർത്തുമില്ല...ഷാഹിനയുടെ നിലവിളിയും റസാഖിന്റെ ആൺവെറിയും കാലം പക്ഷേ മറന്നിട്ടേയില്ല...’’ എന്നാണ് ഇര്‍ഷാദ് കുറിച്ചു. ഏറെ നാളുകള്‍ക്കുശേഷം ഇരുവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷം ആരാധകരും പങ്കുവച്ചിട്ടുണ്ട്.






