
ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ഇന്റർനെറ്റ് രാജ്യവ്യാപകമായി റദ്ദാക്കി. പ്രക്ഷോഭത്തിൽ ഇതുവരെ 9 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈൽ ഇൻ്റർനെറ്റ് നെറ്റ്വർക്ക് റദ്ദാക്കാൻ ഉത്തരവിട്ടതായി രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ സഹമന്ത്രി പറഞ്ഞു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു.
1971 ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണത്തിനെതിരെയാണ് വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചത്. ഇതുവരെ ഒമ്പത് പേർ മരിച്ചു. തലസ്ഥാനമായ ധാക്കയിലും തെക്കുകിഴക്കൻ നഗരമായ ചാട്ടോഗ്രാമിലും വടക്കൻ നഗരമായ രംഗ്പൂരിലുമാണ് അക്രമമുണ്ടായത്. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. സംവരണം വിവേചനപരമാണെന്നും മെറിറ്റ് അധിഷ്ഠിത സംവിധാനം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം.
ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 100 ലധികം വിദ്യാർത്ഥികൾക്ക് അന്ന് പരിക്കേറ്റതായി പോലീസ് പറഞ്ഞു.






