
തിരുവനന്തപുരം: സംസ്ഥാനത്തെ സീനിയര്‍ ഐഎഎസ് ഓഫീസറെ സംസ്ഥാനത്തിന്റെ വിദേശകാര്യ സഹകരണ കാര്യത്തിന്റെ സെക്രട്ടറിയാക്കി നിയോഗിച്ച സംസ്ഥാനസര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. വിദേശകാര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേകമായി ഒരു കാര്യവുമില്ലെന്നിരിക്കെ ഭരണഘടനയുടെ യൂണിയന് ലിസ്റ്റിലെ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമായി ഈ നീക്കത്തെ വിലയിരുത്തിയേക്കാന് സാധ്യതയുണ്ട്.
വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല സെക്രട്ടറി (ലേബര്‍ ആന്‍ഡ് സ്കില്‍സ്) കെ വാസുകി വഹിക്കുമെന്ന് ജൂലൈ 15 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള ചാര്‍ജുകള്‍ക്ക് പുറമേ, വാസുകി വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. പൊതുഭരണ (രാഷ്ട്രീയ) വകുപ്പ് ബാഹ്യ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും (എംഇഎ) വിദേശത്തുള്ള ഇന്ത്യന്‍ എംബസികളുമായും മിഷനുകളുമായും ബന്ധപ്പെടുമെന്നും ഉത്തരവില്‍ പറയുന്നു.
വിദേശ സഹകരണത്തിന്റെ കാര്യങ്ങളില്‍ ഉദ്യോഗസ്ഥനെ സഹായിക്കാനും ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും (എംഇഎ) വിദേശത്തുള്ള ഇന്ത്യന്‍ എംബസികളുമായും മിഷനുകളുമായും ബന്ധപ്പെടാനും ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ചു വിദഗ്ദ്ധരും എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങള്‍ കേന്ദ്രത്തിന്റെ അധീനതയിലുള്ളതാണ്. ഏതെങ്കിലും സംസ്ഥാന വകുപ്പിന് വിദേശത്ത് നിന്ന് സഹായം വേണമെങ്കില്‍, അവര്‍ക്ക് എല്ലായ്പ്പോഴും വിദേശകാര്യ മന്ത്രാലയത്തെയോ ഇന്ത്യന്‍ എംബസിയെയോ സമീപിക്കാം.
2021 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ നിയമനം നടത്തിയിരുന്നു. ഇന്ത്യന്‍, വിദേശ നയതന്ത്ര ദൗത്യങ്ങളുമായി ബന്ധപ്പെടുന്നതിനും വിദ്യാഭ്യാസം, സംസ്കാരം, ധനകാര്യം, നിക്ഷേപം എന്നീ മേഖലകളില്‍ മറ്റ് രാജ്യങ്ങളുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ആരായുന്നതിനും വേണ്ടിയായിരുന്നു നിയമനം.
അതേസമയം സംസ്ഥാനതല രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭ്യമല്ലാത്ത വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ക്ക് ലോജിസ്റ്റിക് പിന്തുണ നേടാനുള്ള തന്ത്രപരമായ നീക്കമായാണ് വിമര്‍ശകര്‍ ഈ നിയമനങ്ങളെ കാണുന്നത്. നേരത്തേ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കാബിനറ്റ് സഹപ്രവര്‍ത്തകരും യുഎസ്, യുകെ, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ, ബഹ്റൈന്‍, ജപ്പാന്, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ യാത്രകള്‍ നടത്തിയിരുന്നു.






