
ന്യുഡൽഹി : യുപിഎസ്സി ചെയർപേഴ്സൺ സ്ഥാനം രാജിവച്ച് മനോജ് സോണി. ചെയർമാൻ മനോജ് സോണി രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ പത്തുമാസം മാത്രം ബാക്കി നിൽക്കെയാണ് യുപിഎസ്സി ചെയർമാൻ രാജിവെച്ചത്. 2029 മെയ് 15നാണ് മനോജ് സോണിയുടെ കാലാവധി അവസാനിക്കുന്നത്.വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് ഔദോഗീക സ്ഥിരീകരണം.
അടുത്തിടെ സിവിൽ സർവീസ് പ്രവേശനം നേടുന്നതിനായി വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കറിനെതിരായ ആരോപണത്തെ തുടർന്ന് യുപിഎസ്സി വാർത്തകളിൽ ഇടം നേടിയ സമയം കൂടിയാണിത്. പലരും ഈ വിവാദങ്ങളും സോണിയുടെ രാജിയും തമ്മിൽ കൂട്ടിയോജിപ്പിക്കാൻ തുടങ്ങിയെങ്കിലും അവയെ തള്ളുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ മനോജ് സോണി മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു. 2005-ൽ വഡോദരയിലെ എംഎസ് സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹത്തെ നിയമിച്ചതും മോദിയായിരുന്നു. 2017 ജൂണിൽ യുപിഎസ്സിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം രണ്ട് സർവകലാശാലകളിൽ മൂന്ന് തവണ വൈസ് ചാൻസലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വിചക്ഷണനായ സോണി (59), 2017 ജൂൺ 28-നാണ് കമ്മീഷൻ അംഗമായി ചുമതലയേറ്റത്. 2023 ൽ യുപിഎസ്സി ചെയർമാനുമായി. നേരത്തെ യുപിഎസ്സി ചെയർമാനാകാൻ തനിക്ക് താൽപര്യമില്ലെന്നും ഇളവുവേണമെന്നും സർക്കാരിനോട് സോണി അഭ്യർഥിച്ചിരുന്നെന്നാണ് വിവരം. എന്നാൽ അന്ന് അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഗുജറാത്തിലെ സ്വാമിനാരായൺ വിഭാഗവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാൻ സോണി ലക്ഷ്യമിടുന്നതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020ൽ ദീക്ഷ സ്വീകരിച്ച ശേഷം, മിഷനിൽ ഒരു സന്യാസി അല്ലെങ്കിൽ നിസ്വാർത്ഥ പ്രവർത്തകൻ ആയി സോണി സ്വയം സമർപ്പിച്ചിരുന്നു.






