
ചെറുമീൻ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗൽ സൈസ് നിയന്ത്രണം നടപ്പിലാക്കിയതിന് പിന്നാലെ കിളിമീൻ ഉൽപാദനം 41 ശതമാനം വര്‍ധിച്ചതായി സിഎംഎഫ്ആർഐ പഠനം. ചെറുമീൻപിടുത്തത്തിന് ഏറ്റവും കൂടുതൽ വിധേയമായ മത്സ്യയിനമാണ് കിളിമീൻ.
സിഎംഎഫ്ആർഐയിൽ കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഗുണഭോകതൃ ശിൽപശാലയിലാണ് പഠനം അവതരിപ്പിച്ചത്. നിരോധനത്തിന് ശേഷം കിളിമീനുകളുടെ അംഗസംഖ്യാ വർധനവിലും പ്രജനന മൊത്ത ലഭ്യതയിലും വർധനവുണ്ടായി. എംഎൽഎസ് നിയന്ത്രണം മൂല്യശൃംഖലയിലുടനീളം നടപ്പാക്കുന്നത് ഗുണകരമാകും. വലയുടെ കണ്ണിവലിപ്പ നിയന്ത്രണം കർശനമായി പാലിക്കുന്നത് കുറേക്കടി ഫലപ്രദമാകുമെന്നും സിഎംഎഫ്ആർഐ നിർദേശിച്ചു.
സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ വിവിധ ഗവേഷണഫലങ്ങൾ മത്സ്യത്തൊഴിലാളികളുമായും മറ്റ് അനുബന്ധമേഖലളിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്യുന്നതിനാണ് ശിൽപശാല സംഘടിപ്പിച്ചത്. ശിൽപശാലയിൽ മറൈൻ ബയോഡൈവേഴ്സിറ്റി ആന്റ് എൺവയൺമെന്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ ഗ്രിൻസൻ ജോർജ് അധ്യക്ഷത വഹിച്ചു.
ചെറുമീനുകളെ പിടിക്കാതെ വളരാൻ അനുവദിച്ചാൽ മത്സ്യമേഖലക്ക് അധികലാഭമുണ്ടാക്കാനും മീനുകളെ വംശനാശഭീഷണിയിൽ നിന്ന് രക്ഷിക്കാനുമാകും. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കിളിമീൻ, ചാള, കൂന്തൽ, അരണമീൻ, കറൂപ്പ് എന്നിവയുടെ ചെറുമത്സ്യബന്ധനം കാരണം 1777 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചെറുമീൻ പിടിത്തം കാരണം ഈ അഞ്ച് മത്സ്യയിനങ്ങളുടെ ശരാശരി വാർഷിക നഷ്ടം 216 കോടി രൂപയാണെന്ന് സിഎംഎഫ്ആർഐയുടെ പഠനം ചൂണ്ടിക്കാട്ടി.






