
ഭക്ഷണ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇതിലൂടെ നമ്മുടെ രാജ്യത്തെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഭക്ഷണവും ഭക്ഷണരീതികളുമെല്ലാം മനസിലാക്കാന്‍ ഇതില്‍ നിന്നും വളരെ എളുപ്പവുമാണ്. അതുപോലെ ട്രെന്‍ഡാവുന്ന ഒന്നാണ് ഫ്യൂഷന്‍ ഫുഡ്സ്. അതില്‍ ചിലതെല്ലാം കണ്ടാല്‍ ആകപ്പാടെ ഇതെന്തൊരു അതിക്രമം എന്ന് തോന്നിപ്പോവും. എന്നിരുന്നാലും, അത്തരം വീഡിയോകള്‍ ഇഷ്ടം പോലെ സോഷ്യല്‍ മീഡിയയില്‍ കാണാം. സമാനമായ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഈ ഭക്ഷണപരീക്ഷണം നടത്തുന്നത് വിദേശിയായ ഒരു വ്ലോഗറാണ്. വീട്ടില്‍ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ആരോ ഒരാള്‍ നല്കിയ കമന്റിനെ പിന്തുടര്ന്നാണ് വ്ലോഗറുടെ ഈ പരീക്ഷണം. ഇന്ത്യന്‍ ഭക്ഷണം മറ്റ് സ്ഥലത്തെ ഭക്ഷണവുമായി ചേര്‍ത്ത് ഉണ്ടാക്കാമോ എന്നായിരുന്നു കമന്റ്. ഇതിന് പിന്നാലെ വ്ലോഗര്‍ പരീക്ഷണം തുടങ്ങുന്നു. 'നിങ്ങളെന്താണ് കാണാന്‍ പോകുന്നത് എന്നതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ, നമുക്ക് കഴിക്കാം' എന്നാണ് വീഡിയോയില്‍ പറയുന്നത്. പിന്നീട്, വിവിധ ഭക്ഷണങ്ങള്‍ ഇയാള്‍ കഴിക്കുന്നതും കാണാം.
ഇന്‍ഡോ-ഇറ്റാലിയന്‍ ഫ്യൂഷനായ 'ചിക്കന്‍ കറി സ്പാഗെട്ടി' ആണ് ആദ്യമായി യുവാവ് പരീക്ഷിക്കുന്ന വിഭവം. അതിന് നല്കുന്ന റേറ്റിംഗ് 8.9/10 ആണ്. അടുത്തതായി, സമൂസയാണ് അതില്‍ ഉരുളക്കിഴങ്ങ് മാറ്റി മാക്കും ചീസും നിറയ്ക്കുന്നതാണ് കാണാനാവുക. 8.2/10 ആണ് റേറ്റിംഗ്. പിന്നീട്, ഇന്ത്യന്‍, മെക്സിക്കന്‍ ഭക്ഷണങ്ങളുടെ ഫ്യൂഷന്‍ 'ചിക്കന്‍ നാന് ക്യൂസാഡില്ല' ആണുണ്ടാക്കുന്നത്. 8/10 ആണ് ഇതിന് നല്കുന്ന റേറ്റിംഗ്. വേറെയും ഇതുപോലെയുള്ള അനേകം വിഭവങ്ങള്‍ ഇയാള്‍ ഉണ്ടാക്കുന്നുണ്ട്. ബിരിയാണി എന്ന് പറഞ്ഞ് വൈറ്റ് റൈസ് കഴിക്കുന്നതും വീഡിയോയില്‍ കാണാം.
ഏതായാലും ഈ ഭക്ഷണപരീക്ഷണം നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികള്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. മിക്കവാറും ആളുകള്‍ ഇയാള്‍ ബിരിയാണി എന്ന് പറഞ്ഞ് വൈറ്റ് റൈസ് കഴിക്കുന്നത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.






